LATESTNATIONALTOP STORY

സ്റ്റിറോയിഡുകൾ ഒഴിവാക്കുക, ചുമ തുടരുകയാണെങ്കിൽ ടിബി പരിശോധന നടത്തുക; പുതിയ കോവിഡ് നിർദ്ദേശങ്ങളിങ്ങനെ

കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ സ്റ്റിറോയിഡുകൾ നിർദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നും കഠിനമായ ചുമ തുടരുകയാണെങ്കിൽ രോഗികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച പുതുക്കിയ കോവിഡ് മാർഗ്ഗനിർദേശം പുറത്തുവിട്ടിരിക്കുന്നത്.

സ്റ്റിറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള ദ്വിതീയ അണുബാധകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നവെന്നും അതിനാൽ സ്റ്റിറോയിഡുകൾ ഒഴിവാക്കണമെന്നുമാണ് പുതിയ നിർദേശം. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗ സാധ്യതകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.

“ആൻറി-ഇൻഫ്ലമേറ്ററി അല്ലെങ്കിൽ ഇമ്മ്യൂണോമോഡുലേറ്ററി തെറാപ്പി (സ്റ്റിറോയിഡുകൾ പോലുള്ളവ) വളരെ നേരത്തെയോ ഉയർന്ന അളവിലോ കൂടുതൽ കാലമോ ഉപയോഗിക്കുമ്പോൾ ഇൻവേസിവ് മ്യൂക്കോർമൈക്കോസിസ് പോലുള്ള ദ്വിതീയ അണുബാധയ്ക്കുള്ള അപകടസാധ്യതയുണ്ട്,” കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

സ്റ്റിറോയിഡ് ഉൾപ്പെടെയുള്ള കോവിഡ് മരുന്നുകളുടെ അമിത ഉപയോഗത്തയും ദുരുപയോഗത്തെയും കുറിച്ച് നിതി ആയോഗ് അംഗമായ ഡോക്ടർ വികെ പോളും കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “ഞങ്ങൾ നൽകുന്ന ഏത് മരുന്നുകളും യുക്തിസഹമായി ഉപയോഗിക്കണം, അമിതമായി ഉപയോഗിക്കരുത്. കഴിഞ്ഞ തവണ, വളരെ ഭയാനകമായ ഒരു സാഹചര്യമാണ് നമ്മൾ കണ്ടത്, മരുന്നുകളുടെ അമിത ഉപയോഗം വളരെ വലിയ അളവിൽ മ്യൂക്കോർമൈക്കോസിസിന് കാരണമായിരുന്നു, ” ഡോ. വികെ പോൾ പത്രസമ്മേളനത്തിൽ പറഞ്ഞതിങ്ങനെ.

Related Articles

Back to top button