BREAKING NEWSNATIONAL

സ്വവര്‍ഗാനുരാഗിയായ മകനൊപ്പം പ്രൈഡ് പരേഡില്‍ പങ്കെടുത്ത് അമ്മ

ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ല. എങ്കിലും ഇപ്പോഴും നമ്മുടെ സമൂഹം സ്വവര്‍ഗാനുരാഗികളെയോ മറ്റ് LGBTQ+ കമ്മ്യൂണിറ്റിയില്‍ പെടുന്നവരെയോ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഒരമ്മ തന്റെ മകനു വേണ്ടി എടുത്ത നിലപാടാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. സ്വവര്‍ഗാനുരാഗിയായ ആ മകന്റെയും അവനൊപ്പം പ്രൈഡ് പരേഡില്‍ പങ്കെടുത്ത അമ്മയുടേയും ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ജനുവരി എട്ടിന്ഡല്‍ഹി നടന്ന 13 ാമത് പ്രൈഡ് പരേഡിലാണ് 24 കാരനായ യാഷിനൊപ്പം അവന്റെ അമ്മയായ 41 കാരി മീനാക്ഷിയും പങ്കെടുത്തത്.
2019 ല്‍ ആദ്യമായി പ്രൈഡ് പരേഡില്‍ പങ്കെടുക്കുമ്പോള്‍ യാഷിന് പേടിയായിരുന്നു. ആരെങ്കിലും തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പങ്ക് വയ്ക്കുമോ, തന്റെ വീട്ടുകാര്‍ ആരെങ്കിലും കാണുമോ എന്നതൊക്കെയായിരുന്നു പേടി. എന്നാല്‍, നാല് വര്‍ഷത്തിന് ശേഷം ധൈര്യത്തോടെ അവന്‍ പരേഡില്‍ പങ്കെടുക്കുകയും കൂടെ പങ്കെടുത്ത അമ്മയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള അനേകം ചിത്രങ്ങള്‍ പകര്‍ത്തുകയും പങ്കു വയ്ക്കുകയും ചെയ്തു.
‘എന്റെ മാതാപിതാക്കള്‍ എന്നെ അംഗീകരിച്ചു. മറ്റുള്ളവരെ കൂടി അവര്‍ അംഗീകരിക്കണം എന്നുള്ളതുകൊണ്ടാണ് അമ്മയെ പ്രൈഡ് പരേഡില്‍ കൂടെ കൂട്ടിയത്’ എന്നാണ് യാഷ് പറയുന്നത്. ഡെല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് യാഷ്.
‘ഒരുപാട് കുട്ടികള്‍ താന്‍ ഇതില്‍ പങ്കെടുത്തു കണ്ടതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞു. അതില്‍ പലരുടേയും മാതാപിതാക്കള്‍ അവരെ അംഗീകരിക്കുന്നില്ല. തന്നെ കണ്ടത് അവര്‍ക്ക് പ്രതീക്ഷയാകുന്നു എന്ന് പലരും പറഞ്ഞു’ എന്ന് മീനാക്ഷി പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പാണ് യാഷിന്റെ ഒരു കുടുംബാംഗം അവന്റെ മാതാപിതാക്കളെ അവന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിയിച്ചത്. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു അവര്‍ക്കത് അംഗീകരിക്കാന്‍. ‘2020 ലാണ് യാഷ് ഹോമോസെക്ഷ്വലാണ് എന്ന് അറിയുന്നത്. ഞാന്‍ ഒരുപാട് കരഞ്ഞു. യാഷ് എന്റെ മൂത്ത മകനായിരുന്നു. എന്റെ എന്തോ തെറ്റ് കൊണ്ടാണ് മോന്‍ അങ്ങനെ ആയത് എന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചിരുന്നത്’ എന്ന് മീനാക്ഷി പറഞ്ഞു.
മോനോട് താന്‍ ഒരുപാട് തവണ സംസാരിച്ചു എന്നും അവസാനം അവനെ മനസിലാക്കാന്‍ സാധിച്ചു എന്നും മീനാക്ഷി പറഞ്ഞു. ‘ഇന്ന് LGBTQ+ കമ്മ്യൂണിറ്റിയില്‍ പെടുന്നവരുടെ വേദന മനസിലാക്കാന്‍ തനിക്ക് സാധിക്കുന്നുണ്ട്. അവരുടെ അവസ്ഥ ഓര്‍ത്ത് വേദനയുണ്ട്. അവരെ കുടുംബത്തില്‍ ആരും പിന്തുണക്കാന്‍ ഇല്ലാത്തതിന്റെ വേദന അവര്‍ക്കുണ്ട്. കുടുംബം അവരെ അംഗീകരിക്കണം. അവര്‍ക്കൊപ്പം നില്‍ക്കണം. അവരുടെ സന്തോഷം തിരികെ നല്‍കണം’ എന്നും മീനാക്ഷി പറയുന്നു.

Related Articles

Back to top button