BREAKINGNATIONAL

ഹരിയാണ മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഡല്‍ഹി: ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. ഹരിയാണയിലെ സിര്‍സയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ചൗട്ടാല ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ചൗധരി ദേവി ലാല്‍ 1966-ല്‍ ഹരിയാണ സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ചൗട്ടാല 1970-ല്‍ ഹരിയാണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1987-ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബറില്‍, പിതാവ് ദേവി ലാല്‍ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായതോടെ പകരക്കാരനായി ഹരിയാണ മുഖ്യമന്ത്രി സ്ഥാനത്തെത്തി. എന്നാല്‍, ആറ് മാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ വന്നതോടെ1990 മെയില്‍ സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 1990-91 ഹ്രസ്വകാലയളവിലേക്ക് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
1993-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ചൗട്ടാല വീണ്ടും നിയമസഭയിലെത്തിയെങ്കിലും 1995-ല്‍, ഹരിയാണയിലെ വെള്ളം അയല്‍ സംസ്ഥാനങ്ങളുമായി പങ്കിടാനുള്ള കരാറില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു.1998-ല്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (INLD) രൂപീകരിച്ചു. 1999-ല്‍ ഹരിയാണ വികാസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി.
1989 ഡിസംബര്‍ മുതല്‍ 1990 മെയ് വരെയും 1990 ജൂലൈ മുതല്‍ ജൂലൈയില്‍ ഒരുമാസത്തേക്കും 1991 മാര്‍ച്ച് മുതല്‍ 1991 ഏപ്രില്‍ വരെയും ഒടുവില്‍ 1999 ജൂലൈ മുതല്‍ 2005 മാര്‍ച്ച് വരെയും അദ്ദേഹം ഹരിയാണ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button