BREAKING NEWSKERALALATEST

മികച്ച സൗകര്യങ്ങളും വിദ്യാസമ്പന്നരായ ജീവനക്കാരും; കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി

ഹൈദാബാദിലെ വ്യവസായികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായമാരംഭിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ സംസ്ഥാനം നല്‍കും. രാജ്യത്ത് ഏറ്റവും വിദ്യാസമ്പന്നരായ ജീവനക്കാരെയും കേരളത്തില്‍ ലഭിക്കും. കേരളത്തെ ഉത്തരവാദിത്തമുള്ള നിക്ഷേപ സൗഹൃദ വ്യാവസായിക സംസ്ഥാനമാക്കുമെന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദിലെ നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൈദരാബാദില്‍ വെച്ച് അന്‍പതോളം പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യവസായികളെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കമുള്ളവര്‍ തെലങ്കാനയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ഫര്‍മസ്യുട്ടിക്കല്‍, ബയോടക്‌നോളജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്.

തെലങ്കാനയില്‍ നിന്ന് ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, നടപടി ക്രമങ്ങളിലെ ലളിതവല്‍ക്കരണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി.

കേരളത്തില്‍ നിന്നും കിറ്റക്‌സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കിറ്റെക്‌സ് ഗ്രൂപ്പ് സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപത്തിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ് നിക്ഷേപം.

Related Articles

Back to top button