BREAKING NEWSLATESTNATIONAL

എന്‍ഡിഎ പിന്‍വാതിലിലൂടെ അധികാരം നേടി; പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണം: തേജസ്വി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുയര്‍ത്തി ആര്‍ജെഡി നേതാവും മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന തേജസ്വി യാദവ്. പിന്‍വാതിലിലൂടെയാണ് ബിജെപി-ജെഡിയു മുന്നണി അധികാരം നിലനിര്‍ത്തിയതെന്നും പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണുന്നതില്‍ കൃത്രിമം നടന്നുവെന്നും തേജസ്വി യാദവ് ആരോപിച്ചു.
മഹാസഖ്യം സ്ഥാനാര്‍ഥികള്‍ നാമമാത്ര വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അവസാനം വോട്ടെണ്ണല്‍ നടത്തിയ എല്ലാ നിയോജകമണ്ഡലങ്ങളിലേയും പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. മഹാസഖ്യത്തേക്കാള്‍ 12,270 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎക്ക് ലഭിച്ചത്. എന്നിട്ടും അവര്‍ക്ക് 15 സീറ്റുകള്‍ അധികം നേടാന്‍ കഴിഞ്ഞു എന്നത് അതിശയകരമാണ്’ വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി പറഞ്ഞു.
നാമമാത്ര വ്യത്യാസത്തില്‍ 20 സീറ്റുകള്‍ തങ്ങള്‍ക്ക് നഷ്ടമായി. പല മണ്ഡലങ്ങളിലും 900 ത്തോളം തപാല്‍ ബാലറ്റുകള്‍ അസാധുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ‘ജനങ്ങളുടെ വിധി ഞങ്ങള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎക്ക് അനുകൂലമായിരുന്നു’ ആര്‍ജെഡി നേതാവ് പറഞ്ഞു.
പണം, തട്ടിപ്പ്, കായിക ബലം എന്നിവയിലൂടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. പിന്‍വാതിലിലൂടെയാണ് ബിജെപിജെഡിയും സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
‘ബിഹാറിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ജനവിധി മഹാസഖ്യത്തിന് അനൂകലമായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എന്‍ഡിഎക്ക് അനൂകലമായിരുന്നു. ഇത് ആദ്യമായിട്ടല്ല. 2015ലും മഹാസഖ്യത്തിന് അനുകൂലമായിരുന്നു ജനവിധിയെങ്കിലും ബിജെപി പിന്‍വാതിലിലൂടെ അധികാരത്തിലെത്തി. നിതീഷ് കുമാറിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. അദ്ദേഹത്തിന് മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കില്‍ ജനവിധി മാനിച്ച് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കണം’ തേജസ്വി യാദവ് പറഞ്ഞു.

Related Articles

Back to top button