KERALALATEST

കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട്; വിഴിഞ്ഞത്ത് വ്യാപക നാശനഷ്ടം

കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുമാസമായി തുടര്‍ച്ചയായി വീടുകളില്‍ വെള്ളം കയറുകയാണെന്നും മഴ കുറഞ്ഞാലും വെള്ളക്കെട്ട് ഒഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

കനത്ത മഴയില്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് വ്യാപക നാശനഷ്ടമുണ്ടായി. മഴയിലും കടല്‍ക്ഷോഭത്തിലും മുപ്പതിലധികം വള്ളങ്ങള്‍ തകര്‍ന്നു. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗംഗയാര്‍ കരകവിഞ്ഞതോടെ അമ്പതോളം കടകളില്‍ വെള്ളം കയറി. തീരപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

മഴയെ തുടര്‍ന്ന് പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. പാറശ്ശാല ഓഫിസിനുസമീപത്തെ റെയില്‍വേ ട്രാക്കിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മഴക്കെടുതി നേരിടാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 0471-2377702, 0471-2377706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Related Articles

Back to top button