BREAKINGKERALA

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 141 വര്‍ഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 141 വര്‍ഷം തടവും ഏഴുലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. 12 വയസ് മുതല്‍ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.
മലപ്പുറത്തെ പല വാടക കോര്‍ട്ടേഴ്‌സുകളിലായിട്ടായിരുന്നു തമിഴ്‌നാട് സ്വദേശികളായ ഇവര്‍ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. 2020 മുതലായിരുന്നു നിരന്തര പീഡനം. പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരിക്കല്‍ കൂട്ടുകാരിയുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ബലം പ്രയോഗിച്ച് വീട്ടില്‍ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നാലെ കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയായിരുന്നു. കൂട്ടുകാരിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. 2022ല്‍ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയില്‍ വിട്ട കുട്ടിയെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. നിലവില്‍ ഈ കേസ് കോടതിയുടെ പരിഗണയിലാണ്.

Related Articles

Back to top button