KERALALATEST

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ചര്‍ച്ചയില്‍ നിന്നുള്ള പിന്‍മാറ്റം നിര്‍ഭാഗ്യകരം: യാക്കോബായ സഭ

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയത് നിര്‍ഭാഗ്യകരം എന്ന് യാക്കോബായ സഭ. മുന്‍പ് നടത്തിയ ചര്‍ച്ചകളുടെ സംക്ഷിപ്തമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പിനെ തള്ളിപ്പറയുകയാണ് ഓര്‍ത്തഡോക്‌സ് സഭ ചെയ്തിരിക്കുന്നതെന്നും യാക്കോബായ സഭ പറഞ്ഞു. കോതമംഗംലം ചെറിയ പള്ളിക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അസത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പിന്മാറ്റം.
കോതമംഗംലം മാര്‍ത്തോമാ പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയത്. പള്ളി ഏറ്റെടുക്കല്‍ നടപടികള് മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയകരമായി നടക്കുന്നെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഇരുകൂട്ടരും ധാരണ ഉണ്ടാക്കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ സത്യവാങ്മൂലം പൂര്‍ണ്ണമായും അവാസ്തവമെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
കോടതി വിധി നടപ്പാക്കിയാല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളുവെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. മിനിട്‌സില്‍ എഴുതിയതിന് വ്യത്യസ്തമായ വിവരങ്ങള്‍ നല്‍കി കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സഭാ വിശ്വാസികള്‍ സര്‍ക്കാര്‍ നിലപാട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button