BREAKING NEWSKERALA

ശിവശങ്കര്‍ അറസ്റ്റിലേക്ക്? കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സ നല്‍കി വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ടെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവില്‍ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്.
പുതിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദ്ദേശമെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണില്‍ മറുപടി നല്‍കി. തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അവരുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയില്‍ എം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു, കസ്റ്റംസ് വാഹനത്തിന് അകത്ത് വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിക്കുന്നത് . എം ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചതും കസ്റ്റംസ് വാഹനത്തിലാണ് . ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും ആശുപത്രിയിലുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ കേസിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുകയായിരുന്നോ അതോ ചോദ്യംചെയ്യല്‍ മാത്രമായിരുന്നോ എന്ന കാര്യത്തിലൊക്കെ വീണ്ടും വ്യക്തത ഇനിയും വരാനിരിക്കുന്നതേ ഉള്ളു . സാധാരണ സ്വന്തം വാഹനത്തിലാണ് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാറുണ്ടായിരുന്നത്. എന്നാല്‍ എന്തിനാണ് കസ്റ്റംസ് വാഹനത്തില്‍ എം ശിവശങ്കറിനെ കൊണ്ട് പോയത് എന്നതും നിര്‍ണ്ണായകമാണ് .
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴസ്‌മെന്ര്‍റിന് മുന്നില്‍ ഹാജരാകുകയും ചെയ്തിരുന്നു.

Related Articles

Back to top button