WEB MAGAZINE

നിലാവിന്റെ നീലശംഖൂതുമ്പോള്‍

ഇന്ദിരാ ബാലന്‍

പ്രതിസന്ധിയില്‍ തളരാതെ വായനയിലൂടെയും എഴുത്തിലൂടേയും ചിത്രം വരയിലൂടേയും
ആത്മവിശ്വാസത്തിന്റെ തെളിനീരൊഴുക്കി മന:ശക്തിയിലൂടെ അനാരോഗ്യത്തെ കീഴ്‌പ്പെടുത്തിയ മായാ ബാലകൃഷ്ണന്റെ അതിജീവനത്തിന്റെ സര്‍ഗ്ഗാത്മക വഴികളിലൂടെ…

ജീവിതം എന്ന മൂന്നക്ഷരം നിര്‍വ്വചനങ്ങള്‍ക്കതീതമാണ്. പലര്‍ക്കുമത് കൊടുംവെയിലായും തുലാവര്‍ഷമായും ഇടവപ്പാതിയായും ചാറ്റല്‍ മഴയായും മഞ്ഞായും നിലാവുമായുമൊക്കെ ജീവിതത്തില്‍ പകര്‍ച്ചകളുടെ നിറഭേദങ്ങളാകുന്നു. പലരും ജീവിതത്തിനോടും അവനവനോടും പടവെട്ടിയാണ് അതിജീവനത്തിന്റെ പാതകള്‍ തീര്‍ക്കുന്നത്. ജീവിതം വലിയൊരു വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ വേദനകളെ മറന്ന് പുല്ലാങ്കുഴലിലൂടെ ഒഴുകുന്ന രാഗമായും ക്യാന്‍വാസില്‍ നിറയുന്ന ചിത്രങ്ങളായും മഴയിലുതിരുന്ന ഹിന്ദോളമായും കവിതയുടെ കാല്‍ച്ചിലമ്പൊലികളായും നിലാവിന്റെ നീലശംഖിലൂടെ പ്രതിധ്വനി ക്കുന്ന ഓങ്കാരമായുമൊക്കെ വിഭാവന ചെയ്തു ജീവിതത്തെ മൂല്യവത്തതാക്കുന്നു.
അപ്രതീക്ഷിതമായി കുട്ടിക്കാലത്ത് തുടങ്ങിയ പനിയിലൂടെ ശരീരത്തിന്റെ ചലനക്ഷമത നഷ്ടപ്പെട്ട മായ ബാലകൃഷ്ണന്റെ ജീവിതം അതാണ് പറയുന്നത്. പ്രതിസന്ധിയിലും തളരാതെ വായനയിലൂടെയും എഴുത്തിലൂടേയും ചിത്രം വരയിലൂടേയും ആത്മവിശ്വാസത്തിന്റെ തെളിനീരൊഴുക്കി മന:ശക്തിയിലൂടെ അനാരോഗ്യത്തെ കീഴ്‌പ്പെടുത്തിയ മായയുടെ നാള്‍വഴികള്‍. 90% വും ചലനക്ഷമമല്ലായെങ്കിലും ‘എഴുത്ത് തനിക്ക് സ്വാതന്ത്യത്തിന്റെ ആഘോഷമാണ് എന്നാണ് മായ പ്രഖ്യാപിക്കുന്നത് .’
എറണാംകുളം ജില്ലയിലെ നായത്തോട് എന്ന സ്ഥലത്താണ് മായയുടെ വീട്. അധ്യാപകരായിരുന്ന കെ.എസ്. ബാലകൃഷ്ണന്‍ നായരുടേയും പി.കെ. വിജയമ്മയുടേയും മകളാണ് മായ. കുസൃതി നിറഞ്ഞ ബാല്യകാലത്തെ അല്ലലറിയാത്ത ദിനങ്ങളിലൊന്നാണ് മായയെ വിധി വീഴ്ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന മായ പത്തില്‍ പഠിക്കുമ്പോഴായിരുന്നു ഒരു പനിയിലൂടെ ശരീരത്തെ തളര്‍ത്താന്‍ തുടങ്ങിയത്. ശരീര സന്ധികളില്‍ അതികഠിനമായ വേദനകള്‍ തുടങ്ങി. പരിശോധനകളും ചികിത്സകളും .അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും എന്തിനും ഏതിനും താങ്ങും തണലുമായി. വേദനയില്ലാതെ ഒന്നുറങ്ങാന്‍ ഒരുപാട് കൊതിച്ചു. ഓരോ ദിവസവും ഏത് വിരലാണ് നിശ്ചലതയിലേക്ക് പോകുന്നതെന്നറിയാതെ ആശങ്കയുടേയും വേദനയുടേയും കടന്നു പോയ ദിനങ്ങള്‍. പത്താം ക്ലാസില്‍ ആ വര്‍ഷം പരീക്ഷയെഴുതാനായില്ല. അടുത്ത വര്‍ഷം പരീക്ഷയെഴുതി നല്ല മാര്‍ക്കോടെ പാസ്സായി.കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പിന് മെറിറ്റില്‍ സീറ്റ് ലഭിച്ചു. പക്ഷേ കോളേജില്‍ പോയി സാധാരണ കുട്ടികളെ പോയിരുന്ന് പഠിക്കാനായില്ല . മാര്‍ച്ച് മാസമാണ് മായക്കിഷ്ടമുള്ള മാസം. ആ മാസത്തിലാണ് അവസാനമായി സ്‌കൂളില്‍ ഓടിനടന്നത്. നീണ്ട് ഇടതൂര്‍ന്ന മുടി വെട്ടി. അങ്ങിനെ ആ കാലത്തെ ജീവിതത്തിന്റെ സന്തോഷ പൂര്‍ണ്ണമായ ദിവസങ്ങള്‍ മെല്ലെ മെല്ലെ പടിയിറങ്ങി.
അങ്കമാലി നായത്തോടിലെ ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയുര്‍വ്വേദ ചികില്‍സയാരംഭിച്ചു. എന്നാലതോടെ ഒട്ടും നടക്കാനായില്ല. ഒപ്പം പ്രകൃതി ചികില്‍സയും ഹോമിയോപ്പതിയും എല്ലാം പരീക്ഷിച്ചു. ഇരുളിന്‍ നോവറിഞ്ഞ കിടക്കയെ ശരണം പ്രാപിച്ച നാളുകള്‍. ഇടത് കൈമുട്ട് മാത്രം അല്‍പ്പം ഉയര്‍ത്താനാവും. ആ സമയത്ത് പ്രാര്‍ത്ഥിച്ചത് സ്വന്തമായി പ്രാഥമിക കാര്യങ്ങളെങ്കിലും നിര്‍വ്വഹിക്കാന്‍ സാധിക്കണമെയെന്ന് മാത്രമാണ്. ആ അവസരത്തില്‍ ഡോക്ടര്‍ രത്‌നമ്മ വട്ടവും ചതുരവും കൊണ്ട് വന്ന് കൊടുത്ത് ചിത്രങ്ങള്‍ വരച്ച് വിരലുകളെ ചലിപ്പിക്കാന്‍ ശ്രമിക്കാന്‍ പറഞ്ഞു. പതിയെ പതിയെ വിരലുകളെ ചലനക്ഷമമാക്കി പെയിന്റിംഗും വാട്ടര്‍കളറും ചെയ്ത് വിരല്‍ത്തുമ്പുകളെ കൈപ്പിടിയിലാക്കി. ക്രമേണ കത്തുകളും കഥകളും കവിതകളും എഴുതി. കത്തുകള്‍ ആകാശവാണിയിലവതരിപ്പിച്ചു. ഏത് പ്രതിസന്ധിയേയും ഇച്ഛാശക്തിയാല്‍ മറികടക്കാമെന്ന് പഠിച്ചു. കിടക്കയില്‍ നിന്നും വീല്‍ചെയറിലേക്ക് മാറി. ജീവിതത്തില്‍ കൂടുതല്‍ കാറ്റും വെളിച്ചവും വീശാന്‍ തുടങ്ങി. ഇടക്ക് സ്‌നേഹമയിയായിരുന്ന അച്ഛന്‍ വിട പറഞ്ഞു. അമ്മയും സഹോദരങ്ങളും മായയുടെ ആഗ്രഹങ്ങളെ സാധിപ്പിച്ചു കൊടുത്തെപ്പോഴും അരികിലുണ്ട്. വീല്‍ച്ചെയറിലിരുന്ന് അത്യാവശ്യം കാര്യങ്ങള്‍ ചെയ്യാനാവുന്നു. റുമാറേറായ്ഡ് ആര്‍ത്രൈറ്റിസ് രോഗത്തില്‍ നിന്നും പുതിയ ജീവിതത്തിന് പല്ലവികളും അനുപല്ലവികളും തീര്‍ത്ത് ജീവിതത്തെ മായ കരുത്തുറ്റതാക്കുന്നു.
മാറി നടക്കുമ്പോഴും വിടാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കവിതകളുടെ കര്‍ത്താവായി മാറി മായ ബാലകൃഷ്ണന്‍. വരിഞ്ഞുമുറുക്കി നനവായും ആഹ്‌ളാദമായും നോവായും ആ വരികള്‍ മനസ്സിന്റെ ചില്ലു പേടകത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ തുലാസില്‍ പല കിതപ്പുകളായി ,ആത്മാവിലെ ഹിന്ദോളമായി, മഴയായി, ആത്മരാഗമായി പൂത്തു വിടരുന്ന കവിതകളായി മായക്ക് സാന്ത്വനവും ശക്തിയുമാകുന്നു. ജീവിതത്തിന്റെ വകഭേദങ്ങളിലൂടെ ഒഴുകുമ്പോഴും നീര്‍പ്പോള പോലുള്ള ജീവിതത്തിന്റെ ക്ഷണികതയേയും കവിതകള്‍ ബോധ്യപ്പെടുത്തുന്നു.
അടര്‍ന്നു വീഴുന്ന വാക്കിന്റെ ഇലകളിലൂടെ അളന്നു തീര്‍ക്കുന്ന ജീവിതത്തിന്റെ ആഴവും മായയുടെ കവിതകളില്‍ കാണാം. ഈറനുടുത്ത സന്ധ്യകളിലും വെയില്‍മേലാപ്പിട്ട കസവണിപ്പാടങ്ങളിലും ആകാശം ചുറ്റുന്ന വെണ്‍ക്കാവടികളിലും നീലാകാശത്ത് തെളിയുന്ന പുഴയിലും മഴയിലുതിര്‍ക്കുന്ന വളപ്പൊട്ടുകളിലുമൊക്കെ തംബുരു ശ്രുതിയിലുണരുന്ന ഹിന്ദോളരാഗത്തിലൂടെ ആ കവിതകള്‍ നൃത്തം വെച്ചു. ജീവിതത്തിന്റെ അകവും അകലങ്ങളും തന്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കാന്‍ മായക്ക് കഴിയുന്നു. ഓര്‍ത്താല്‍ ഓരോ ജീവിതവും വിസ്മയകരങ്ങളാണ്. ജീവിതത്തിന്റെ താക്കോല്‍പ്പഴുത് തുറക്കുമ്പോള്‍ തരുന്ന അനുഭവങ്ങളുടെ അറകള്‍ക്കെന്ത് ആഴമാണ്. ആ ആഴത്തില്‍ നിന്നും മുത്തുകളും രത്‌നങ്ങളും വാരിയെടുത്ത് ജീവിതത്തെ പ്രകാശപൂര്‍ണ്ണങ്ങളാക്കുന്നവര്‍. കവിതയുടെ നിലാവ് ചുറ്റിപ്പിടിക്കുമ്പോള്‍ മായ തന്റെ ശാരീരിക വേദനകളെ മറക്കുന്നു.
ഇപ്പോള്‍ ഓണ്‍ലൈനിലും, ആനുകാലികങ്ങളിലും കവിതകളും ബാലസാഹിത്യ കഥകളും, അനുഭവക്കുറിപ്പുകളും, എഴുതുന്നു .
ആദ്യപുസ്തകം 2015 ഇല്‍ ‘തുടികൊട്ട് ‘ കവിതാസമാഹാരവും 2017-ല്‍ രണ്ടാം കവിതാസമാഹാരം ‘നിഷ്‌കാസിതരുടെ ആരൂഢം’ വും പുറത്തിറങ്ങി. സംസ്ഥാന ഭിന്നശേഷി കൂട്ടായ്മയായ വരം സാഹിത്യസമിതിയുടെ 2018 ലെ ‘വരം സാഹിത്യപുരസ്‌ക്കാര’ത്തിന് മായ അര്‍ഹയായി.അംഗപരിമിതര്‍ക്കായിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കമ്മീഷണറേറ്റ് ‘നിഷ്‌കാസിതരുടെആരൂഢം’ മികച്ച കൃതിയായി തിരഞ്ഞെടുത്തു. കൂടാതെ നിരവധി കലാ സാഹിത്യസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്.
നിലാവിലെ നീലശംഖൂതുമ്പോള്‍ നിറയുന്ന ഓങ്കാരനാദം പോലെ മായയുടെ മനസ്സില്‍ ഭാവനയുണരുമ്പോള്‍ കവിതയുടെ വിത്ത് കതിരിടുന്നു. ജീവിതത്തിന്റെ നിറഭേദങ്ങളുടെ ചിത്രങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളായി, കവിതയുടെ വാഗ്സ്ഥലികളായി. നിര്‍ബാധമിനിയും ആ വിരലുകളും മനസ്സും ജീവിതത്തിന്റെ വരികളും വരകളും ശക്തമായി ആവിഷ്‌ക്കരിക്കട്ടെയെന്നാശംസിച്ചുകൊണ്ട് ഈ പരിചയപ്പെടുത്തലിന്
തല്‍ക്കാലം വിരാമം കുറിക്കുന്നു.

Related Articles

Back to top button