BREAKING NEWSKERALANEWS

വിമാനത്തിന് തീപ്പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി

കോഴിക്കോട്: അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത് രാത്രി 7.41 ഓടെ. റണ്‍വേയില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് രണ്ടായി പിളര്‍ന്ന വിമാനത്തിന് തീ പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് വിമാനത്താവളത്തിന്റെ സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനാല്‍ വലിയ ശബ്ദമൊന്നും കേട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ഥിച്ചു. പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി. സമീപ ജില്ലകളില്‍നിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളും അപകട സ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെയെല്ലാം അതിവേഗം ആശുപത്രിയിലേക്ക് അയയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

Related Articles

Back to top button