IDUKKIKERALALATESTLOCAL NEWS

പെട്ടിമുടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ്; 60ഓളം മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ കൊവിഡ് ഭീതിയും ഉടലെടുത്തതോടെ ആശങ്ക ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പെട്ടിമുടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രമുഖ മാധ്യമസ്ഥാപനത്തിലെ ഡ്രൈവര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ അറുപതോളം വരുന്ന മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മൂന്നാറിലെ ഒരു ഹോട്ടലിലാണ് മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. യാതൊരു കാരണവശാലും പുറത്ത് പോകരുതെന്നാണ് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ്. കൂടാതെ സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ കെ രാജു, എ.കെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവരും നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

കഴിഞ്ഞ ദിവസം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെ ആലപ്പുഴ സ്വദേശിയായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പെട്ടിമുടിയില്‍ തിരച്ചിലിനായി എത്തിയിട്ടുള്ളത്. ഇത് കൂടാതെ മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തര്‍ എന്നിങ്ങനെ നീളുന്ന ഈ നിര. പെട്ടിമുടിയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Related Articles

Back to top button