BOLLYWOODENTERTAINMENT

സുശാന്ത് ആരാധകരുടെ കലിപ്പ് തീരണില്ല; സഡക് 2 ട്രെയിലറിന് ഡിസ് ലൈക്ക് പ്രളയം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായത്. സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയും പുറത്തുനിന്നുള്ളവരുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മഹേഷ് ഭട്ടിനും ആലിയയ്ക്കും എതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഇരുവരോടുമുള്ള പ്രതിഷേധം മഹേഷ് ഭട്ടിന്റെ തിരിച്ചു വരവ് ചിത്രം സഡക് 2 വിനോട് തീര്‍ക്കുകയാണ് സുശാന്ത് ആരാധകര്‍. സഡക്2 സ്ട്രീമിംഗ് ചെയ്യാനുള്ള ഹോട്ട് സ്റ്റാറിന്റെ തീരുമാനത്തിനെതിരെ ട്വിറ്ററില്‍ ഹോട്ട് സ്റ്റാര്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു.
ഇപ്പോഴിതാ സഡക് 2 ട്രെയിലറിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച സഡക് 2 ട്രെയിലര്‍ യൂട്യൂബില്‍ ഔദ്യോഗികമായി റിലീസ് ചെയ്തിരുന്നു. ഇതിനെതിരെ ഡിസ് ലൈക്ക് ചെയ്ത് പ്രതിഷേധിക്കുകയാണ് സുശാന്ത് ആരാധകര്‍.
ലൈക്കുകളെക്കാള്‍ ഡിസ് ലൈക്കുകളാണ് ട്രെയിലറിന് കൂടുതലും ലഭിച്ചിരിക്കുന്നത്. ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് ലക്ഷം ഡിസ് ലൈക്കുകളാണ് ലഭിച്ചത്.
ട്രെയിലറിനെതിരായ കമന്റുകള്‍ കൊണ്ട് കമന്റ് ബോക്‌സും നിറഞ്ഞിരിക്കുകയാണ്. യൂട്യൂബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക് ലഭിച്ച ട്രെയിലറാക്കി ഇതിനെ മാറ്റണമെന്നാണ് പല കമന്റുകളും. സുശാന്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഡിസ് ലൈക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നവരുമുണ്ട്.ട്രെയിലര്‍ ഡിസ് ലൈക്ക് ചെയ്യുന്നവര്‍ ട്രെയിലര്‍ കാണരുതെന്നും സിനിമ കാണരുതെന്നും സുശാന്ത് ആരാധകര്‍ ആഹ്വാനം ചെയ്തിരിക്കുന്നു
നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനെതിരെയും സുശാന്തിന്റെ ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഫസ്റ്റ്‌ലുക്ക് പുറത്തു വിട്ടതിനു പിന്നാലെ ചിത്രത്തിനെതിരെ നിരവധി ട്രോളുകള്‍ പുറത്തു വന്നിരുന്നു. താരങ്ങള്‍ക്കെതിരെയും ട്രോളുകള്‍ ശക്തമായിരുന്നു.
രണ്ട് ദശകത്തിനു ശേഷം മഹേഷ് ഭട്ട് സംവിധായകനായി തിരിച്ചു വരവിനൊരുങ്ങുന്ന ചിത്രമാണ് സഡക് 2. ആലിയ ഭട്ട്, പൂജാ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
അതേസമയം ഒടിട വഴി റിലീസ് ചെയ്ത സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പോസ്റ്ററുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Related Articles

Back to top button