BREAKING NEWSKERALALATEST

സര്‍ക്കാര്‍ ഓണക്കിറ്റ് 500 രൂപയുടേത്, ആളുകള്‍ക്ക് കിട്ടുന്നത് 300 രൂപയുടേത് മാത്രം

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോവഴി സൗജന്യമായി വിതരണംചെയ്യുന്ന 500 രൂപ വിലയുള്ള ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ ഓണക്കിറ്റുകളില്‍ 300 രൂപ വിലവരുന്ന സാധനങ്ങളേ പായ്ക്ക് ചെയ്യുന്നുള്ളൂവെന്ന വിവരത്തെ തുടര്‍ന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പായ്ക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ അളവില്‍ കുറവുള്ളതായും ഗുണനിലവാരം കുറവാണെന്നും വ്യക്തമായി.
കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സപ്ലൈകോയുടെ കീഴിലുള്ള വിവിധ പായ്ക്കിങ് സെന്ററുകളിലും കിറ്റുകള്‍ വിതരണം ചെയ്യുന്ന റേഷന്‍ കടകളിലുമാണ് ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍ എന്ന പേരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പാമ്പാടി, പൊന്‍കുന്നം, പാലാ എന്നീ സ്ഥലങ്ങളിലെ പായ്ക്കിങ് സെന്ററുകളില്‍ പരിശോധന നടത്തിയതില്‍ സാധനങ്ങളുടെ അളവില്‍ കുറവ് കണ്ടെത്തി. കിറ്റിന്റെവില സപ്ലൈകോയുടെ വിലവിവരപ്രകാരം 500 രൂപയില്‍ കുറവാണെന്നും വെളിപ്പെട്ടു.
ശര്‍ക്കരയുടെ പായ്ക്കറ്റില്‍ തൂക്കക്കുറവും ഉത്പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയിട്ടില്ല. ചങ്ങനാശ്ശേരിയിലെ പായ്ക്കിങ് സെന്ററില്‍ വിതരണത്തിനായിെവച്ചിരുന്ന ശര്‍ക്കരയുടെ ഗുണനിലവാരത്തില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി സാമ്പിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഭക്ഷ്യയോഗ്യമാണോയെന്ന പരിശോധനാഫലം വന്നശേഷം വിതരണം ചെയ്താല്‍ മതിയെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിര്‍ദേശം നല്‍കി.
ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം, പീരുമേട് എന്നീ സ്ഥലങ്ങളിലെ പായ്ക്കിങ് സെന്ററുകളില്‍ പരിശോധന നടത്തിയതില്‍ വിതരണം നടത്താന്‍വെച്ചിരുന്ന ശര്‍ക്കരയുടെ ഒരു കിലോ പാക്കറ്റിന്റെ അളവില്‍ 50 ഗ്രാം മുതല്‍ 200 ഗ്രാംവരെ കുറവ് കണ്ടു. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍ എന്നിവയുടെ തൂക്കത്തില്‍ 20 ഗ്രാം മുതല്‍ 50 ഗ്രാം വരെയാണ് കുറവ്. കിറ്റിന്റെ വില സപ്ലൈകോയുടെ വിലവിവരപ്രകാരം 404 രൂപയും പൊതുമാര്‍ക്കറ്റില്‍ 446.50 രൂപയുമേ വരൂ.
ആലപ്പുഴ ടൗണ്‍, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ സ്ഥലങ്ങളിലെ പായ്ക്കിങ് സെന്ററുകളില്‍ പരിശോധന നടത്തിയതില്‍ ഓണക്കിറ്റിലെ ശര്‍ക്കരയുടെ ഒരുകിലോ പാക്കറ്റിന്റെ അളവില്‍ 100 ഗ്രാം വരെ കുറവ് വെളിപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പായ്ക്കിങ്. ഇവിടെ ഓണക്കിറ്റിന്റെ വില സപ്ലൈകോയുടെ വിലവിവര പ്രകാരം 457 രൂപയേ വരൂ.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള 1000 രൂപയുടെ സൗജന്യക്കിറ്റില്‍ സപ്ലൈകോയുടെ വിലവിവരപ്രകാരം 650 രൂപയുടെ സാധനങ്ങളേ പായ്ക്ക് ചെയ്തിട്ടുള്ളൂവെന്നും വ്യക്തമായി.
വിജിലന്‍സ് കിഴക്കന്‍ മേഖല സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി.മാരായ എ.കെ.വിശ്വനാഥന്‍, എം.കെ.മനോജ്, ഹരി വിദ്യാധരന്‍, വി.ആര്‍.രവികുമാര്‍, വി.ജി.രവീന്ദ്രനാഥ്, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ബാബുക്കുട്ടന്‍, റിജോ പി.ജോസഫ്, രാജന്‍ കെ.അരമന, രാജേഷ് കെ.എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button