BREAKING NEWSKERALALATEST

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പണം വിദേശത്തേക്ക് കടത്തി, മുഖ്യആസുത്രകര്‍ പെണ്‍മക്കള്‍

തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്റ് ചെയ്തു. തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വിഡിയോ കോണ്‍ഫറനസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തട്ടിപ്പില്‍ റോയിയുടെ മക്കളായ റിനു മറിയത്തിനും റിയ ആനിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേല്‍ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആന്‍ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലില്‍ പൊലീസിന് നിര്‍ണയകമായ വിവരങ്ങള്‍ കിട്ടി. 2014 ലാണ് റോയി ഡാനിയേല്‍ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതല്‍ പോപ്പുലറിന്റെ പതനത്തിനും തുടക്കം കുറിച്ചു.
ഉടമസ്ഥാവകാശം കിട്ടിയ ഉടന്‍ മക്കള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, നിധി പോപ്പുലര്‍ എന്നീ പേരുകളില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചു. ഇതൊന്നും അറിയാതെ വര്‍ഷങ്ങളുടെ പഴക്കമുള്ള പോപ്പുലര്‍ ഫിനാന്‍സില്‍ വിശ്വസിച്ച് ആളുകള്‍ പണം നിക്ഷേപിച്ചു കൊണ്ടേയിരുന്നു.
എന്നാല്‍ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എല്‍എല്‍പി വ്യവസ്ഥയിലായിരുന്നു. എല്‍എല്‍പി വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിച്ചാല്‍ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ലാഭ വിഹിതം മാത്രമാണ് കിട്ടുക.
കമ്പനി നഷ്ടത്തിലായാല്‍ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാല്‍ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തില്‍ പോലും നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല.
പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പല തവണ ഇവര്‍ അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കുന്ന വിധത്തില്‍ മൊഴിമാറ്റി പറഞ്ഞു. പക്ഷെ തന്ത്രപരമായി കൂടത്തായി കേസ് തെളിയിച്ച എസ്പി കെജി സൈമണിന് മുന്നില്‍ പ്രതികളുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു.
ഒടുവില്‍ തട്ടിയെടുത്ത പണം വിദേശത്ത് നിക്ഷേപിച്ചെന്ന് പ്രതികള്‍ക്ക് സമ്മതിക്കേണ്ടി വന്നു. സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ കഴിയാതിരുന്നതാണെന്നും പ്രതികള്‍ മൊഴി നല്‍കി.നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകള്‍ 2000 കോടി രൂപ തട്ടിയെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധി ആയിരുന്നതിനാലാണ് തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റോയി ഡാനിയലിനെ കൊട്ടാരക്കര സബ് ജയിലിലേക്കും പ്രഭ റിയ റിനു എന്നിവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും മറ്റു. കൊവിഡ് പരിശോധനക്കായി റോയിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയിലേക്കും ഭാര്യയേയും മക്കളേയും കിഴക്കേക്കോട്ടയിലെ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി.
സംസ്ഥാനത്ത് ഉടനീളം നിക്ഷേപകരുടെ പരാതികളുടെ എണ്ണം കൂടുകയാണ്. വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പിന് ഇരയായവര്‍ നല്‍കുന്ന പരാതികള്‍ അതത് പൊലീസ് സ്റ്റേഷനുകള്‍ കോന്നി സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button