BREAKING NEWS

കോണ്‍ഗ്രസില്‍ അഴിച്ചുപണി, ഗുലാംനബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, ലക്ഷ്യം രാഹുലിന്റെ അധ്യക്ഷ പദവി

ന്യൂഡല്‍ഹി: അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി. പ്രവര്‍ത്തക സമിതിയടക്കം പുനഃസംഘടിപ്പിച്ചു. പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനഃസംഘടനയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
കത്ത് വിവാദത്തില്‍ അകപ്പെട്ട ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. മോതിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും.
മുകുള്‍ വാസ്‌നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ.സി.വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ തുടരും. കെ.സി.വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.
ഓഗസ്റ്റ് 24ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് ആറംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എ.കെ.ആന്റണിയാണ് ഇതിന്റെ അധ്യക്ഷന്‍. അഹമദ് പട്ടേല്‍, അംബിക സോണി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.
മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായ അഞ്ചംഗ എഐസിസി തിരഞ്ഞെടുപ്പ് അതോററ്റിയും രൂപീകരിച്ചു.

Related Articles

Back to top button