BOLLYWOODENTERTAINMENT

സാരിയില്‍, സ്‌നീക്കേഴ്‌സില്‍, ആ വളയത്തില്‍’ഗേന്താ ഫൂല്‍’പോലെ ആകര്‍ഷകമായ് എഷ്‌ന കുട്ടി

എഷ്‌ന കുട്ടി എന്ന 23കാരിയാണ് വ്യാഴാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളിലെ കിടിലന്‍ താരം. മറൂണ്‍ സാരിയുടുത്ത് സ്‌നീക്കേഴ്‌സും ധരിച്ച് ഒരു ഹൂലാഹൂപ്പുമായിട്ടാണ് എഷ്‌ന കുട്ടി ദില്ലി 6 എന്ന ചിത്രത്തിലെ ‘ഗേന്താ ഫൂല്‍’ എന്ന ഗാനത്തിന് ചുവടുകള്‍ വെക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നൃത്തരംഗം മണിക്കൂറുകള്‍ കൊണ്ട് ആരാധകരെ സൃഷ്ടിക്കുക ആയിരുന്നു. വൈകാതെ ഈ നൃത്തരംഗം ട്വിറ്ററിലും വൈറല്‍ ആയി.
ധരിച്ചിരിക്കുന്ന വസ്ത്രം, അണിഞ്ഞിരിക്കുന്ന സ്‌പോര്‍ട്‌സ് ഷൂ, വളയം ഉപയോഗിച്ചുള്ള മെയ് വഴക്കമാര്‍ന്ന ചലനങ്ങള്‍ എന്നിവയൊക്കെയാണ് ഹൂലാഹൂപ്പ് ഉപയോഗിച്ചു കൊണ്ടുള്ള ചടുലമായ ആ നൃത്തത്തിന്റെ ഒറ്റനോട്ടത്തിലുള്ള പ്രത്യേകതകള്‍. വ്യത്യസ്തമായ രൂപത്തില്‍ വന്ന് ഊര്‍ജ്ജസ്വലതയാര്‍ന്ന പ്രകടനം കൊണ്ട് കാഴ്ച്ചക്കാരെ അതിശയകരമായി സ്വാധീനിക്കാന്‍ എഷ്‌നക്ക് കഴിഞ്ഞിട്ടുണ്ട്.
എഷ്‌ന കുട്ടിയുടെ അമ്മയും പത്രപ്രവര്‍ത്തകയും ആയ ചിത്ര നാരായണന്‍ ഇതേ വീഡിയോ ‘റീട്വീറ്റ്’ ചെയ്തു കൊണ്ട് ഇങ്ങനെ കുറിച്ചു. ‘നിരവധി ആളുകള്‍ വാട്ട്‌സ്ആപ്പ് ചെയ്തുതന്ന ഈ വീഡിയോയും കണ്ട് കൊണ്ടാണ് ഞാന്‍ ഇന്ന് ഉണര്‍ന്നത്. സാരിഫ്‌ളോ ട്രെന്റ്‌റിന് തുടക്കമിട്ട എന്റെ മകളെ പരിചയപ്പെടൂ ,’
സാരി ധരിച്ചുകൊണ്ടുള്ള ഈ അനായാസ ഹൂലാഹൂപ്പ് പ്രകടനം നെറ്റിസന്‍മാരെ എന്തുകൊണ്ട് ആശ്ചര്യപ്പെടുത്തുന്നു എന്നത് വീഡിയോ കണ്ടവര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വഴിയില്ല. വീഡിയോക്ക് താഴെ കുന്നുകൂടുന്ന കമന്‌റുകളില്‍, ആ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്ന ഉന്മേഷവും സന്തോഷവും പ്രകടമാണ്.
പങ്കുവെച്ച് ദിവസങ്ങള്‍ക്കകം 2.6ലക്ഷത്തോളം വ്യൂസ് നേടിയ ഈ വീഡിയോക്ക് നൂറുകണക്കിന് കമന്റുകളാണ് ലഭിച്ചിട്ടുള്ളത്. പാരമ്പര്യത്തോടൊപ്പം, കായികാഭ്യാസിയുടെ മികവും, ആധുനികതയുടെ പുതുമയും ഇതില്‍ കാണാമെന്ന അഭിപ്രായം മുതല്‍ സാരിഫ്‌ളോ എന്ന ഹാഷ്ടാഗോട് കൂടി പലരും ഇതിനെ പിന്തുണച്ചിട്ടും ഉണ്ട്. മറ്റു ചിലര്‍ തങ്ങളുടെ സാരിയിലുള്ള ചിത്രങ്ങള്‍ പങ്ക് വെച്ചാണ് പ്രസ്തുത വീഡിയോയെ ഏറ്റെടുത്തത്.

Related Articles

Back to top button