BREAKING NEWSKERALA

സര്‍ക്കാരിനെതിരേ യുഡിഎഫ് സമരം തുടരും, പക്ഷേ രീതി മാറ്റും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിച്ച് യുഡിഎഫ്. അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഞ്ച് പേരെ വീതം അണിനിരത്തിയായിരിക്കും സമരമെന്നും എംഎം ഹസ്സന്‍ വിശദീകരിച്ചു.
കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി പ്രത്യക്ഷ സമരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കും മുന്നണിക്കും അകത്ത് ഉണ്ടായത്. സമര പരിപാടികളില്‍ സജീവമായി ഉണ്ടായിരുന്ന യുവ നിര നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി എത്തി. കെ മുരളീധരന്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ പരസ്യമായി തള്ളി സമരം തടരുമെന്ന നിലപാടുമെടുത്തു.
സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ യുഡിഎഫ് വിട്ടുവീഴ്ചക്ക് ഒരുങ്ങുകയാണെന്ന ബിജെപിയുടെ പ്രചാരണം കൂടി ശക്തിപ്പെട്ടതോടെയാണ് സമര രീതിയില്‍ വീണ്ടുവിചാരത്തിന് യുഡിഎഫ് തയ്യാറാകുന്നത്. പ്രത്യക്ഷ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറിയാല്‍ അവസരം മുതലെടുക്കുന്നത് ബിജെപിയായിരിക്കും എന്ന വിലയിരുത്തല്‍ നേതൃത്വത്തിന് പൊതുവെ ഉണ്ട്. മാത്രമല്ല സ്വര്‍ണക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ ക്രമക്കേട് വരെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഉണ്ട്.

Related Articles

Back to top button