BREAKING NEWSNATIONAL

പോലീസ് വാദം പൊളിയുന്നു; ഹാഥ്‌റസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ: ഹാഥ്‌റസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ അവകാശവാദം പൂര്‍ണമായും തള്ളുന്നതാണ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതികള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നാണ്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാലായിരിക്കാം ഇക്കാര്യം പുറത്തുപറയാന്‍ വൈകിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത്. മെഡിക്കല്‍ എക്‌സാമിനറായ ഫൈസ് അഹമ്മദാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്.
പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അതുണ്ടായോ എന്ന് പരിശോധിക്കേണ്ടത് പോലീസാണ്. ഒരുപക്ഷേ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരച്ചിട്ടുണ്ടാകാമെന്ന നിഗമനവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നു.
ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.

Related Articles

Back to top button