BREAKING NEWSKERALA

ജോസ്‌മോന്റെ ഇടതുകയറ്റം എന്ന്, സിപിഎം ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഇന്ന് തിരുവനന്തപുരത്ത് നിര്‍ണായക യോഗങ്ങള്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്.
ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം വൈകില്ലെന്നാണ് സൂചന. പുതിയ കക്ഷികളെ മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിച്ച ശേഷം മുന്നണിയില്‍ എടുക്കുന്നതാണ് എല്‍ഡിഎഫിന്റെ രീതി. എന്നാല്‍ ജോസ് കെ. മാണിക്ക് ഈ നിരീക്ഷണഘട്ടം ഉണ്ടാകാനിടയില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേതന്നെ ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാകാനാണ് സാധ്യത.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്ന സീറ്റുകളില്‍ ധാരണ ഉണ്ടാകേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള ഈ സീറ്റുകളില്‍ ആരു വിട്ടുവീഴ്ച ചെയ്യും എന്നതാണ് അറിയേണ്ടത്. സിപിഎം സിപിഐ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ച ഇക്കാര്യമാകും. സിപിഐക്ക് ജോസ് വിഭാഗത്തോട് നേരത്തെയുള്ള എതിര്‍പ്പില്ലെന്ന് വ്യക്തമാണ്.അര്‍ഹിക്കുന്ന പരിഗണന ജോസ് ഭാഗത്ത് നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിലും വ്യക്തമാക്കിക്കഴിഞ്ഞു.
നിയമസഭാ സീറ്റ് ചര്‍ച്ചകളിലേക്ക് ഉടന്‍ മുന്നണി കടക്കുന്നില്ല. അതുകൊണ്ടുതന്നെ മാണി സി. കാപ്പന്റെ ആശങ്കയും ചര്‍ച്ചയാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിജയത്തിനു വേണ്ട തന്ത്രങ്ങളുമായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വൈകാതെ ചേരും.
മുന്നണിയെ ശക്തമാക്കാന്‍ എല്ലാ ഘടകകക്ഷികളും ത്യാഗം സഹിക്കണമെന്നതാണ് സി.പി.എം. നിലപാട്. പാലാ സീറ്റ് വിട്ടുനല്‍കുന്നതിനും ജോസ് കെ. മാണി രാജിവെക്കുന്നതിനെത്തുടര്‍ന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എന്‍.സി.പി.ക്ക് നല്‍കുമെന്നതിലും ഇപ്പോള്‍ തീരുമാനമുണ്ടാകില്ല.
മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുകയും അതുവഴി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം നേടുകയുമാണ് കേരളകോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്കെത്തിക്കുന്നതിലൂടെ സി.പി.എം. കണക്കുകൂട്ടുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം ആഭ്യന്തരകാര്യമായി മാറേണ്ട ഒന്നല്ല. അതിനാല്‍, മുന്നണിക്കുണ്ടാകേണ്ട നേട്ടത്തില്‍ എല്ലാ കക്ഷികളും വിട്ടുവീഴ്ചകള്‍ ചെയ്യണ്ടിവരുമെന്നാണ് സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമസഭാതിരഞ്ഞെടുപ്പിനെക്കുറിച്ചോ, ഘടകകക്ഷികളുടെ സീറ്റുകളെക്കുറിച്ചോ തത്കാലം എല്‍.ഡി.എഫ്. ചര്‍ച്ചയുണ്ടാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം അത്തരം ചര്‍ച്ചകളാകാമെന്നതായിരിക്കും മുന്നണിയില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാട്. സി.പി.ഐ.യെ വിശ്വാസത്തിലെടുത്ത് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയാണ് ലക്ഷ്യം. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടായാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുള്ളതുകൊണ്ടാണിത്.

Related Articles

Back to top button