BREAKING NEWSLATESTNATIONAL

കള്ളന്‍ ബസ് സ്റ്റോപ്പ് അടിച്ചുമാറ്റി, പൊലീസ് ഇപ്പോള്‍ കള്ളനെതേടി നെട്ടോട്ടത്തില്‍

പൂനെ: നിങ്ങള്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കവര്‍ച്ച ഏതാണ്? ഒരു പക്ഷെ എടിഎം മോഷണമാവും, അല്ലെങ്കില്‍ ജ്വല്ലറി മോഷണം. അതുമല്ലെങ്കില്‍ ട്രെയിന്‍ മോഷണം. പക്ഷെ ഒരു ബസ് സ്റ്റോപ്പ് അടിച്ചു മാറ്റിയതായി കേട്ടിട്ടുണ്ടോ? ഞങ്ങള്‍ക്ക് തെറ്റുപറ്റിയതല്ല, ബസ് സ്റ്റോപ്പ് തന്നെ. സംഭവം നടന്നത് മഹാരാഷ്ട്രയിലെ പൂണെയിലാണ്.
ബസ് സ്റ്റോപ്പ് ഇരുന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ആണ് ആരോ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്. മറാത്തി ഭാഷയിലുള്ള പോസ്റ്ററില്‍ ‘ബി.ടി.കബ്‌ഡെ ദേവകി പോലീസ് സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റോപ്പ് മോഷ്ടിക്കപ്പെട്ടു. ആരെങ്കിലും അത് കണ്ടെത്തുകയോ അതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് 5,000 രൂപ പാരിതോഷികം ലഭിക്കും’ എന്നെഴുതിയിട്ടുണ്ട്. പ്രാദേശിക നേതാവും ആക്ടിവിസ്റ്റുമായ പ്രശാന്ത് (അണ്ണാ) മഹാസ്‌കെയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത് എന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൂനെ മഹാനഗര്‍ പരിവഹന്റെ (പുണെ മുനിസിപ്പല്‍ കോര്‍പറേഷന്റെ) സ്വത്തായിരുന്നു ഈ ബസ് സ്റ്റോപ്പ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ബസ് സ്റ്റോപ്പ് കള്ളന്‍ അടിച്ചുമാറ്റി എന്നത് വിശ്വസിക്കാനാവാതെ ധാരാളം പേരാണ് പ്രതികരണം അറിയിക്കുന്നത്. ‘വന്‍ തമാശ, പൂനെയിലെ ബസ് സ്റ്റോപ്പ് മുഴുവന്‍ മോഷ്ടിക്കപ്പെട്ടു’ ജോലിന്‍ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചു.
അതെ സമയം ബസ് സ്റ്റോപ്പ് അടിച്ചു മാറ്റിയതല്ല പകരം പരിഹാസരൂപേണ ജനങ്ങളുടെ പ്രതിഷേധമാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത് എന്ന് പുണെ നിവാസികള്‍ പ്രതികരിക്കുന്നുണ്ട്. ‘ആരെങ്കിലും ബസ് സ്റ്റോപ്പ് മോഷ്ടിച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 2 വര്‍ഷം മുമ്പ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഇത്തരത്തിലൊരു പോസ്റ്റര്‍ അടച്ചുപൂട്ടിയ പോലീസ് സ്റ്റേഷന് മുന്‍പില്‍ സ്ഥാപിച്ചിരുന്നു,’ ഒരു റെഡിറ്റ് ഉപഭോക്താവ് കുറിച്ചു. ‘ഒന്നുകില്‍ ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് വരും എന്ന് വര്‍ഷങ്ങളായി അധികൃതര്‍ പറയുന്നുണ്ടാകും. പക്ഷെ വന്നിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് അധികാരികള്‍ പരിസരവാസികളെ അറിയിക്കാതെ ബസ് സ്റ്റോപ്പ് പൊളിച്ചു മാറ്റിയിട്ടുണ്ടാകും. ഇതില്‍ പ്രതിഷേധിച്ചാകണം ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ വന്നത്’ റെഡിറ്റ് ഉപഭോക്താവ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button