BREAKING NEWSKERALA

സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ തുരത്താന്‍ അറ്റാഷെ കരുനീക്കം നടത്തി

കൊച്ചി: സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെ നീക്കം നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് തുറക്കാന്‍ നേതൃത്വം നല്‍കിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ ജോലിയില്‍നിന്ന് പുറത്താക്കാനാണ് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സ്വര്‍ണക്കടത്ത് ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാന്‍ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തി. കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.
യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഏപ്രില്‍ 21ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം കോണ്‍സുലേറ്റിന്റെ ചുമതല അഡ്മിന്‍ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ അഷ്മിയക്കായിരുന്നു. ഇയാള്‍ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വപ്നാ സുരേഷിനോട് ആരാഞ്ഞിരുന്നു. നയതന്ത്രബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റാഷിദിനോട് പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളര്‍ (1.10 ലക്ഷം രൂപ) കമ്മിഷന്‍ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്‌നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോണ്‍സുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസില്‍ നല്‍കിയിരുന്നത്. കമ്മിഷന്‍ ഉറപ്പിച്ചശേഷം ഈ കത്തില്‍ അറ്റാഷെ തന്നെ ഒപ്പുവെച്ചുനല്‍കാന്‍ തുടങ്ങി. സ്വപ്‌നാ സുരേഷ് നേരിട്ടും ഡ്രൈവര്‍ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷന്‍ എത്തിച്ചിരുന്നത്.
ജൂണ്‍ 30ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനല്‍കി. ഇതില്‍ ക്ഷുഭിതനായ റാഷിദ് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ കസ്റ്റംസില്‍നിന്ന് പുറത്താക്കാന്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അറ്റാഷെ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂര്‍ത്തിയെ വിളിക്കുകയും നയതന്ത്രബാഗേജ് തടഞ്ഞുവെച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തുനല്‍കി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി അറ്റാഷെ റാഷിദ് സ്വപ്‌നയോട് വെളിപ്പെടുത്തി. ‘ഉന്നതസ്വാധീനമുള്ള മലയാളിയെ’ ഇതിനായി അംബാസഡര്‍ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്‌ന അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. എല്ലാരീതിയിലും ഇടപെടാന്‍ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു.

Related Articles

Back to top button