BREAKING NEWSKERALA

കോടതിമുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായി, വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു: നടിയുടെ കോടതിമാറ്റ ആവശ്യം വിധിപറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി സര്‍ക്കാര്‍. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നതിന് മാറ്റിവച്ചു.
വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന ഗൗരവമായ ആരോപണമാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയില്‍ ഉയര്‍ത്തിയത്. വനിതാ ജഡ്ജി ആയിട്ടു പോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അംഗീകരിച്ചില്ല.
കോടതിയില്‍ വച്ച് പലതവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതി കോടതിയെ അറിയിച്ചു. വിചാരണക്കോടതിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണം. അതേ സമയം കേസിന്റെ വിചാരണ ഒരു വനിതാ ജഡ്ജിക്കു തന്നെ നല്‍കണമെന്നില്ല. തത്തുല്യമായ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് കൈമാറിയാലും മതിയാകും എന്ന നിലപാടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണയ്്ക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button