BREAKING NEWSKERALA

വണ്ടി ഓടുന്നില്ല, കാശും കിട്ടുന്നില്ല; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍വ്വീസുകള്‍ കുറഞ്ഞതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വിവാദമാകുന്നു. കെഎസ്ആര്‍ടിസിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും എംഡിക്ക് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുമ്പിറങ്ങിയ ഉദ്യോഗസ്ഥ തല ഉത്തരവാണിതെന്നും നയപരമായ തീരുമാനമെല്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ ,ശമ്പളത്തിനും പെന്‍ഷനുമായി പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തെയാണ് കെഎസ്ആര്‍ടിസി ആശ്രയിക്കുന്നത്. അധിക സഹായം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസിയുടെ കത്തിന് ഗതാഗത സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയിലെ നിര്‍ദ്ദേശമാണ് വിവാദമായത്. ബജറ്റ് വിഹിതമായ 1000 കോടി ഇതിനകം അനുവദിച്ചു കഴിഞ്ഞു. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത മാനേജ്‌മെന്റ് പരിശോധിക്കണം. കൊവിഡ് കാലത്ത് സര്‍വ്വീസുകള്‍ കുറവായതിനാല്‍ ജീവനക്കാരുടെ ശമ്പളം കുറക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. ശമ്പള പരിഷ്‌കരണം വൈകിയതിനാല്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 1500 രൂപ ഇടക്കാലാശ്വാസം ഉള്‍പ്പടെയുള്ള പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷമിറങ്ങിയ ഉത്തരവിനെതിരെ വ്യപക പ്രതിഷേധമാണുയര്‍ന്നത്.
അതേസമയം, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നയമപരമായി തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഉദ്യോഗസ്ഥ തല ഉത്തരവിലെ നിര്‍ദ്ദേശം മാത്രമാണിത്. തൊഴിലാളി സംഘനടനകളുടെ ഹതപരിശോധന ആസന്നമായ സാഹചര്യത്തില്‍ പ്രതിപക്ഷ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button