BREAKING NEWSLATESTWORLD

വയസ്സ് 100 കഴിഞ്ഞു, കെമിന്‍ ഇപ്പോഴും ആള് പൊളിയാണ്, ദിവസവും വലിക്കും ഒരു പായ്ക്കറ്റ് സിഗരറ്റ്

100 വയസ്സുവരെ ജീവിക്കുക, ഒരു പക്ഷെ ഇനി പലര്‍ക്കും സാധിക്കാത്ത ഒരു കാര്യമായിരിക്കും ഇത്. 60 കഴിഞ്ഞാല്‍ തന്നെ ഡെയ്ഞ്ചര്‍ സോണ്‍, 70 കഴിഞ്ഞാല്‍ പിന്നെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിസ റെഡി ആവും. അവിടെയാണ് 100 വയസ്സ് അടുത്തിടെ കഴിഞ്ഞ ഴാങ് കെമിന്‍ മാസ്സായി നില്‍ക്കുന്നത്.
ചൈനയിലെ ജിന്‍ജിന്‍ പ്രവിശ്യയിലാണ് ഴാങ് കെമിന്‍ ജീവിക്കുന്നത്. അടുത്തിടെ സെഞ്ചുറിയും കടന്നു മുന്നോട്ട് പോയ കെമിന്‍ തന്റെ ദീര്‍ഘായുസ്സിന് നന്ദി പറയുന്നത് ചിട്ടയായ ജീവിതരീതി, പോഷക ആഹാരം, ദിവസവും വ്യായാമം എന്നിവയൊന്നുമല്ല, മദ്യം, പുകവലി, ഫാസ്റ്റ് ഫുഡ്. ജീവിതത്തില്‍ ഇതുവരെ കഴിക്കാനും കുടിക്കാനും ആഗ്രഹിക്കുന്ന ഒന്നിനോടും കെമിന്‍ നോ പറഞ്ഞിട്ടില്ലത്രേ.
ജൂണില്‍ 100 വയസ്സ് തികച്ച കെമിന്‍ പക്ഷെ ഭക്ഷണത്തെ പറ്റി തീരെ ചിന്തിക്കാറില്ലത്രേ. പലപ്പോഴും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട് എന്നും അതില്‍ പ്രശ്‌നം ഒന്നും തോന്നിയിട്ടില്ല എന്നും ഒരു ടിവി ഇന്റര്‍വ്യൂവില്‍ കെമിന്‍ വ്യക്തമാക്കുന്നു. അതെ സമയം മദ്യവും, സിഗരറ്റും തനിക്ക് ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും കെമിന്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും പ്രായമേറിയതോടെ സിഗരറ്റിന്റെ കാര്യത്തില്‍ ചില നീയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്.
15ാം വയസ്സില്‍ ഒരു കടയില്‍ നില്‍ക്കാന്‍ വീട് വിട്ടിറങ്ങിയതാണ് കെമിന്‍. ജോലി സ്ഥലത്ത് വച്ചാണ് പുകവലി കൂടെ കൂടിയത്. 20 വയസ്സായപ്പോഴേക്കും പുകവലിയില്‍ വിദഗ്ധനായ താന്‍ ഇപ്പോഴും ദിവസവും ഒരു പാക്കറ്റ് സിഗരറ്റെങ്കിലും വലിക്കാറുണ്ടത്രേ. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മദ്യപാനവും പുകവലിയും നല്ലതാണോ മോശമാണോ എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താന്‍ എന്ന് കെമിന്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു.
കുട്ടികളും പേരക്കുട്ടികളുമായി 5 തലമുറയോടൊപ്പമാണ് കെമിന്‍ ഇപ്പോഴും ജീവിക്കുന്നത്. ടിവി കണ്ടാണ് ഇപ്പോള്‍ സമയം തള്ളിവിടുന്നത്. നടക്കാനിറങ്ങുന്നത് ഇഷ്ടം ആണെങ്കിലും കോറോണയുടെ സാഹചര്യത്തില്‍ മക്കള്‍ വിലക്ക് കല്പിച്ചിട്ടുണ്ടത്രെ. എങ്കിലും ഴാങ് കെമിന്‍ ആരോഗ്യവാനാണ്. കേള്‍വിക്ക് ഒരല്പം കുറവുണ്ട് എന്നത് മാത്രമാണ് കെമിന്‍ ഇപ്പോള്‍ അലട്ടുന്ന ഏക ശാരീരിക പ്രശ്‌നം.

Related Articles

Back to top button