BREAKING NEWSKERALALATEST

അലക്കുമ്പോള്‍ ഭൂമി ഇടിഞ്ഞു താഴ്ന്നു, വീട്ടമ്മ കിണറ്റില്‍ വീണു

ഇരിക്കൂര്‍: വീട്ടുമുറ്റത്ത് തുണി അലക്കുമ്പോള്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തം വഴി വീട്ടമ്മ അയല്‍വാസിയുടെ കിണറ്റില്‍ വീണു. ആയിപ്പുഴ ഗവ. യു.പി. സ്‌കൂളിനു സമീപത്തെ കെ.എ.അയ്യൂബിന്റെ ഭാര്യ ഉമൈബ(42)യാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.
അലക്കുകയായിരുന്ന ഉമൈബയുടെ തൊട്ടുപിറകില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ കാലുതെറ്റിവീണ് 10 മീറ്റര്‍ അകലെയുള്ള അയല്‍വാസി റഫീഖിന്റെ കിണറ്റിലെത്തുകയായിരുന്നു. എന്തോ വീഴുന്ന ശബ്ദവും കരച്ചിലുംകേട്ട് ഓടിയെത്തിയ റഫീഖിന്റെ ഭാര്യയാണ് ഉമൈബയെ കിണറ്റില്‍ കണ്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ മട്ടന്നൂര്‍ പോലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വീട്ടമ്മയെ പുറത്തെടുത്തു. കാര്യമായ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കിയശേഷം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗര്‍ത്തത്തിലൂടെ തെന്നി സമീപത്തെ 25 കോല്‍ ആഴമുള്ള കിണറിന്റെ താഴെഭാഗത്താണ് ഉമൈബ വീണത്. നിലവില്‍ അലക്കുകല്ലിന് സമീപംമുതല്‍ കിണറിന് താഴെവരെ തുരങ്കം രൂപപ്പെട്ടിട്ടുണ്ട്. കിണര്‍പ്പടവ് കല്ലുപയോഗിച്ച് കെട്ടിയതാണ്. കിണറിന്റെ അടിഭാഗം നേരത്തേ ഇടിഞ്ഞിരുന്നു.

Related Articles

Back to top button