BREAKING NEWS

എലൂരുവിലെ അജ്ഞാത രോഗത്തിനു കാരണം പച്ചക്കറിയും മത്സ്യവും പിന്നെ പാലും

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമായ വിഷവസ്തുക്കളുടെ പ്രഭവകേന്ദ്രം പച്ചക്കറികളും മത്സ്യവുമെന്നു ലബോറട്ടറി ഡേറ്റകളില്‍നിന്ന് സൂചന. അഞ്ഞൂറിലേറെ ആളുകള്‍ക്കു രോഗം വരുത്തുന്നതില്‍ പാലിനും പാലുല്‍പന്നങ്ങള്‍ക്കും പങ്കുണ്ടെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലെഡും നിക്കലുമാണ് എലൂരുവിലെ ദുരൂഹ രോഗത്തിനു കാരണമെന്നു പ്രാഥമിക റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജലം, വായു മലിനീകരണത്തെക്കുറിച്ചുള്ള ലബോറട്ടറി റിപ്പോര്‍ട്ടുകളും ഡേറ്റയും കൂടുതല്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ രണ്ടിന്റെയും സാംപിളുകളില്‍ സാന്ദ്രതയേറിയ ലോഹങ്ങള്‍ അടങ്ങിയിട്ടില്ലെന്നു തെളിഞ്ഞു. കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണു രോഗകാരണമെന്നായിരുന്നു ആദ്യ നിഗമനം. കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ക്കും മുനിസിപ്പാലിറ്റിയുടെ പൈപ്പ് വെള്ളം ഉപയോഗിക്കാത്തവര്‍ക്കും രോഗം ബാധിച്ചതാണ് ഈ കണ്ടെത്തലിനു ബലമേകുന്നത്.
ചിലരുടെ രക്ത സാംപിളുകളില്‍ ഉയര്‍ന്ന തോതില്‍ ലെഡും നിക്കലുമുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക ഡേറ്റ പറയുന്നത്. ലെഡിന്റെയും നിക്കലിന്റെയും പ്രഭവകേന്ദ്രം വെള്ളവും വായുവുമല്ലെങ്കില്‍ പിന്നെയുള്ള സാധ്യത ഭക്ഷണത്തിനാണ്. പച്ചക്കറികള്‍, പ്രത്യേകിച്ചും ഇലകള്‍, മത്സ്യം എന്നിവയാണു ജൈവീക സംഭരണം വഴി ഭൂമിയില്‍നിന്നു ലോഹങ്ങള്‍ ശേഖരിക്കുന്നതില്‍ മുന്നിലുള്ളത്. കീടനാശിനികളുടെയും ലോഹങ്ങളുടെയും സാന്നിധ്യം പച്ചക്കറികളിലും മത്സ്യങ്ങളിലും നേരത്തെതന്നെ പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുമുണ്ട്.
കൃഷ്ണ, ഗോദാവരി നദീതടത്തിലെ മത്സ്യങ്ങളിലും കീടനാശിനി, ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ (എന്‍ഐഎന്‍) പരിശോധനാഫലം ദുരൂഹത നീക്കുന്നതില്‍ നിര്‍ണായകമാകും. ആളുകള്‍ പെട്ടെന്ന് അബോധാവസ്ഥയില്‍ ആവുന്നതായിരുന്നു രോഗലക്ഷണം. അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുക, മിനിറ്റുകള്‍ നീണ്ട ഓര്‍മക്കുറവ്, ഉത്കണ്ഠ, ഛര്‍ദ്ദി, തലവേദന, പുറംവേദന എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
രക്ത പരിശോധനയും സിടി (ബ്രെയിന്‍) സ്‌കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല. അസുഖം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രാസ വ്യവസായത്തിലും കൃഷിയിലും കൊതുക് നിയന്ത്രണത്തിനും ലോകമെങ്ങും ഉപയോഗിക്കുന്ന ഓര്‍ഗനോക്ലോറിന്‍ ( കീടനാശിനികളുടെ സാന്നിധ്യത്താലാണോ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയും പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button