BREAKING NEWSKERALA

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ വധം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി തോറ്റതിനെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കുത്തേറ്റ് മരിച്ചത്.
ബുധനാഴ്ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
ഇര്‍ഷാദിനെയും ഹസ്സനെയും കണ്ടിരുന്നു എന്ന് ഷുഹൈബ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോര്‍ട്ട്.
യൂത്ത് ലീഗ് കല്ലൂരാവി മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, പ്രവര്‍ത്തകരായ ഇസ്ഹാഖ്, ഹസ്സന്‍ തുടങ്ങിയ മൂന്ന് പേര്‍ക്കെതിരേയാണ് ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസ്സെടുത്തത്. സംഭവത്തിനിടെ പരിക്കേറ്റ ഇര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button