BREAKING NEWSKERALA

എംപിമാര്‍ ലോക്‌സഭയില്‍ തന്നെ ഇരിക്കട്ടെ, രാജിവച്ച് കേരളത്തില്‍ മത്സരിക്കാന്‍ പോകണ്ട: ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവില്‍ പരിഗണനയിലില്ല. കെപിസിസി നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാര്‍ട്ടി സമാന നിലപാട് സ്വീകരിക്കും.
ഏതെങ്കിലും മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കും.
ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ സമാന ആവശ്യവുമായി കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കും.
തങ്ങളുടെ മണ്ഡലത്തിലുള്‍പ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാവുന്ന 2 പേരുകള്‍ വീതം നല്‍കാന്‍ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിവച്ച് ജയസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശവും നല്‍കും. കെപിസിസി നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പം എംപിമാര്‍ കൈമാറുന്ന പേരുകളും ഹൈക്കമാന്‍ഡ് പരിശോധിക്കും.

Related Articles

Back to top button