BREAKING NEWSKERALALATEST

30 മിനിറ്റ് കാത്തിരുന്നെങ്കില്‍ രണ്ടു ജീവന്‍ രക്ഷിക്കാമായിരുന്നു

തിരുവനന്തപുരം: വസ്തു ഒഴിപ്പിക്കാനാണ് അവര്‍ വന്നത്. ഒഴിപ്പിക്കരുതെന്ന ഹര്‍ജി അപ്പോള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഒഴിപ്പിക്കാന്‍ വന്നവര്‍ അരമണിക്കൂര്‍ ക്ഷമിച്ചിരുന്നെങ്കില്‍ വിലപ്പെട്ട രണ്ടു ജീവനുകള്‍ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികള്‍ അനാഥരാകില്ലായിരുന്നു.
ഡിസംബര്‍ 22ന് ഹൈക്കോടതി അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിന്‍കര നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടര്‍ന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തുന്നതിന് അരമണിക്കൂര്‍മുമ്പാണ് പോലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകള്‍ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പോലീസ് വീട്ടില്‍നിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.
അയല്‍വാസിയുടെ പരാതിയില്‍, ജൂണ്‍ 16നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറില്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ നല്‍കാന്‍ വൈകിയതിനാല്‍ ഇതു പരിഗണിക്കുന്നതില്‍ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button