BREAKING NEWSKERALA

ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെ, ലീഗുമായി സഖ്യമില്ല: എ. വിജയരാഘവന്‍

തിരുവനന്തപുരം : ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് സഖ്യമില്ല, ഡി.എം.കെ.യുമായാണ് സഖ്യമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ആദ്യം സ്വയം ചികിത്സിക്കണം. എല്ലാ വര്‍ഗീയതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയില്‍നിന്ന് പിന്‍മാറേണ്ടത് കോണ്‍ഗ്രസാണെന്നും ആദ്ദേഹം വിമര്‍ശിച്ചു.
മതനിരപേക്ഷ മൂല്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് അകന്നുപോകുമ്പോള്‍ അവരെ വിമര്‍ശിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാനാണെന്ന് കഴിഞ്ഞ ദിവസം വിജയരാഘവന്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Back to top button