BREAKING NEWS

ബജറ്റ് ഇന്ന്; കരകയറാന്‍ മാജിക്ക് ഉണ്ടാകുമോ

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ബജറ്റില്‍ എന്ത് മാജിക്കാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കാഴ്ച വെയ്ക്കാന്‍ പോകുന്നത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. നികുതി പരിഷ്‌കരണം നടത്തി ഇടത്തരക്കാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സാധാരണക്കാരിലേക്ക് കൂടുതല്‍ പണം എത്തണം. ഇതിനായി നികുതി സ്ലാബുകളില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. നിലവില്‍ രണ്ടരലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതി ഇല്ല. തുടര്‍ന്നുള്ള ഓരോ രൂപയുടെ വരുമാനവും നികുതി പരിധിയില്‍ വരും. സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ നികുതി പരിധിയില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.നികുതി ഇളവ് ലഭിക്കുന്നതിന് നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ നിരവധിയാണ്. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താന്‍ സാധിക്കും. അതായത് ഇത്തരം നിക്ഷേപങ്ങള്‍ ഉപയോഗിച്ച് നികുതി ഇളവിന് അപേക്ഷിക്കാവുന്നതാണ്. നികുതി ഒഴിവാക്കാനുള്ള നിക്ഷേപ പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ പ്രവചിക്കുന്നത്.നിലവില്‍ നിശ്ചിത പരിധി വരെ ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകളും വിറ്റഴിച്ചല്‍ നികുതിഭാരം വരില്ല. അതായത് ഒരു ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഇല്ല. ഈ പരിധി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തോതായ 50000ല്‍ നിന്ന് ഒരു ലക്ഷമാക്കിയും ആര്‍ജ്ജിത അവധിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button