ENTERTAINMENTMALAYALAM

ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു; മിനിറ്റുകള്‍ക്കുള്ളില്‍ ടെലിഗ്രാമില്‍

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ ടെലിഗ്രാമില്‍ സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ സിനിമ ചോര്‍ന്നതിനെ കുറിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് ഇതാദ്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.
ദൃശ്യം ഒന്നാം ഭാഗത്തെ പോലെ മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2നും ലഭിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ദൃശ്യം 2ലെ ജോര്‍ജ് കുട്ടി എന്ന കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് സിനിമ കണ്ടശേഷം നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടതായി പൃഥ്വിരാജ് ഫേസ്ബുക്ക് പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും പൃഥ്വിരാജ് കുറിച്ചു.
”മലയാളത്തില്‍ ഏറെ ചര്‍ച്ചയായ ഒരു കള്‍ട്ട് സിനിമയുടെ രണ്ടാം ഭാഗം എടുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. വ്യവസായത്തിന്റെ മുഴുവന്‍ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. എനിക്ക് അതേക്കുറിച്ച് നല്ലതുപോലെ അറിയാം. എന്നാല്‍ ജീതു എത്ര മഹത്തരമായാണ് അത് നിര്‍വ്വഹിച്ചിരിക്കുന്നത്!” പൃഥ്വിരാജ് കുറിച്ചു.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജോര്‍ജ് കുട്ടിയെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോയത്? ജോര്‍ജ് കുട്ടി മെനഞ്ഞെടുത്ത അവിശ്വസനീയവും സാങ്കല്‍പികവുമായ കഥയില്‍ നിങ്ങള്‍ എന്തെങ്കിലും മയപ്പെടുത്തല്‍ വരുത്തിയോ? ഇത്രയും കാലമായപ്പോഴേക്കും അയാള്‍ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അതോ അയാള്‍ കൂടുതല്‍ ട്രിക്ക് പുറത്തെടുക്കുന്നുണ്ടോ? സമയവും നിയമവും ജോര്‍ജ് കുട്ടിയെ പിടിക്കുന്നുണ്ടോ? ഇതേക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് ഇതിനകം അറിയാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍.. നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2ല്‍ ഉള്ളത് പൃഥ്വി കുറിച്ചു.

Related Articles

Back to top button