ENTERTAINMENTMALAYALAM

സുവര്‍ണചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍’

പാലക്കാട്: കേരളത്തിന്റെ ഇക്കൊല്ലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) അഞ്ചുദിവസത്തെ പാലക്കാട് പതിപ്പോടെ വെള്ളിയാഴ്ച സമാപിച്ചു. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്‌കാരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനംചെയ്ത ‘ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍’ നേടി. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘ചുരുളി’ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച സംവിധായകനെ കണ്ടെത്താനുള്ള വിധിനിര്‍ണയസമിതിയുടെ പ്രത്യേക പരാമര്‍ശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. മികച്ച സംവിധായകനുള്ള രജതചകോരം ‘ദ നെയിംസ് ഓഫ് ദ ഫ്‌ളവേഴ്‌സി’ന്റെ സംവിധായകന്‍ ബാഹ്മാന്‍ തവോസി നേടി. മികച്ച നവാഗതസംവിധായകനുള്ള രജതചകോരം നേടിയത് ‘ലോണ്‍ലി റോക്കി’ന്റെ സംവിധായകന്‍ അലഹാന്‍ഡ്രോ റ്റെലമാക്കോ ടറാഫാണ്.
മികച്ച ചിത്രത്തിനുള്ള ‘ഫിപ്രസി’ രാജ്യാന്തര പുരസ്‌കാരത്തിന് അസര്‍ബൈജാനില്‍നിന്നുള്ള ‘ഇന്‍ ബിറ്റ്‌വീന്‍ ഡയിങ്’ അര്‍ഹമായി. ഹിലാല്‍ ബൈഡ്രോവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈവിഭാഗത്തിലെ മികച്ച മലയാളചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനംചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗതസംവിധായകനുള്ള എഫ്.എഫ്എസ്.എ. കെ.ആര്‍. മോഹനന്‍ പുരസ്‌കാരം അക്ഷയ് ഇന്‍ഡിക്കറിനാണ് (ചിത്രം സ്ഥല്‍പുരാണ്‍). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ‘നെറ്റ്പാക്’ പുരസ്‌കാരവും ഈചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള ‘നെറ്റ്പാക്’ പുരസ്‌കാരം വിപിന്‍ ആറ്റ്‌ലി സംവിധാനംചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ നേടി.
സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി. പുരസ്‌കാരങ്ങള്‍ ഐ.എഫ്.എഫ്.കെ. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍, ബീനാ പോള്‍, സിബി മലയില്‍, കെ.വി. ജോസഫ് തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. ഐ.എഫ്.എഫ്.കെ. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍, ചലച്ചിത്ര അക്കാദമി െസക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button