ART & CULTUREKOZHIKODELATEST

അക്കരൈപത്ത്’ പ്രകാശനം ചെയ്തു

കോഴിക്കോട്: നാടുകളെയും സമൂഹങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയാണ് യാത്രയെഴുത്തുകളെന്ന് വി മുസഫര്‍ അഹമ്മദ്. മുജീബ് റഹ്മാന്‍ കിനാലൂര്‍ എഴുതിയ ‘അക്കരൈപത്ത്’ എന്ന ശ്രീലങ്കന്‍ യാത്രാനുഭവം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങിയ കാലത്ത് അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആഖ്യാനമാണ് സഞ്ചാര സാഹിത്യ കൃതികള്‍ നിര്‍വ്വഹിക്കേണ്ടതെന്നും അക്കരൈപത്ത് ആ നിലയിലാണ് പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവിധായക വിധു വിന്‍സന്റ് പുസ്തകം ഏറ്റുവാങ്ങി.
കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സാംസ്‌കാരിക സമൂഹമായിട്ടും മലയാളികള്‍ അധികം ശ്രീലങ്കന്‍ സമൂഹത്തെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്ന് വിധു വിന്‍സന്റ്
ചൂണ്ടിക്കാട്ടി ‘നോട്ടവും കാണലും എഴുത്തിന്റെ രാഷ്ട്രിയം എന്ന വിഷയത്തെ പറ്റി ഡോ. എ കെ അബ്ദുല്‍ ഹകീം പ്രഭാഷണം നടത്തി. യാത്രികന്റെ നോട്ടങ്ങളെയും കാഴ്ചകളെയും നിര്‍ണയിക്കുന്നത് പലപ്പോഴും അയാളുടെ മുന്‍വിധികളാണെന്ന് ‘കാപ്പിരികളുടെ നാട്ടില്‍’ എന്ന പുസ്തകത്തെ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു.
ഗവേഷകനും ശ്രീലങ്കന്‍ വംശീയതയെ കുറിച്ച് ആധികാരികമായി പഠിച്ച പണ്ഡിതനുമായ വിനോദ് കൃഷ്ണന്‍ ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര കലാപങ്ങളെയും അതിനകത്തെ ഉള്‍പിരിവുകളെയും സംബന്ധിച്ച് വിശദീകരിച്ചു.ഡോ. ഔസാഫ് അഹ്‌സന്‍ പ്രസംഗിച്ചു.
ദേവേശന്‍ പേരൂര്‍ പുസ്തകം പരിചയപ്പെടുത്തി. സി കെ സതീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സുമേഷ് ഇന്‍സൈറ്റ് ആമുഖ ഭാഷണം നടത്തി. ഗ്രന്ഥകാരന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button