KERALALATEST

കോൺഗ്രസിൽ ജനാധിപത്യമില്ല: പിസി ചാക്കോ

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

“പാർട്ടി വിട്ടതിൽ ഖേദമില്ല. കേരളത്തിൽ എൽഡിഎഫിനാണ് പ്രസക്തി. എൽഡിഎഫിന് ഭരണർത്തുടർച്ച ഉറപ്പാകാനുള്ള നിയോഗമാണ് എനിക്ക്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കി. ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്. ഇന്ത്യിൽ ഏറ്റവും വലിയ ഭീഷണി ബിജെപി ആണ്. അതിനെ നേരിടാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാഥിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോർക്കണം. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഖമാണ് ഞങ്ങളെ നയിച്ചിരുന്നത്.”- പിസി ചാക്കോ പറഞ്ഞു.

“കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെവരുന്നു. കമ്മറ്റികളിൽ ചർച്ചകൾ ഇല്ലാതെവരുന്നു. വർക്കിംഗ് കമ്മറ്റി ഇല്ലാതെവരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാൻ കരഞ്ഞിട്ടില്ല.”- പിസി ചാക്കോ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് തവണയേ കൂടിയിട്ടുള്ളൂ. അതിൽ, ഒരു പാനലുണ്ടാക്കി കമ്മറ്റിയിൽ വെക്കണം. ഏതൊക്കെ സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത ഉണ്ടെന്ന് ചർച്ച ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ സിൽബന്ധികളുടെ പട്ടികയുണ്ടാക്കി. താൻ രാഹുൽ ഗാന്ധിയോട് ഇത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, ഇത് ചർച്ച ചെയ്യാൻ അവരും സമയം കണ്ടെത്തിയില്ല എന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.

Related Articles

Back to top button