BREAKING NEWSKERALALATEST

ഇരട്ട വോട്ടുകളുടെ വിവരവുമായി യുഡിഎഫ് വെബ്‌സൈറ്റ്

കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂര്‍ണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്‌സൈറ്റ്. www.operationtwins.com എന്ന വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്. ആദ്യഘട്ടത്തില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി 15 മിനിട്ടുനേരം പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. ഈ സമയത്ത് 18,000 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചുവെന്ന് കെ.പി.സി.സി വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇരട്ടവോട്ടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ്ണ വിവരവും ഇതില്‍ ലഭ്യമാണെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.
38,586 ഇരട്ട വോട്ടുകള്‍ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നത്. തങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button