LATESTNATIONAL

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ജാര്‍ഖണ്ഡ്: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി ആര്‍ ജെ ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. വൃക്കരോഗം, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാരണം നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം.
ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റ് മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ജയില്‍ മോചിതനാകാനാണ് സാധ്യത. നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി റാഞ്ചി റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ജനുവരിയില്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.
ശിക്ഷയുടെ പകുതി കാലാവധി ലാലു പ്രസാദ് യാദവ് പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുവിന്റെ അഭിഭാഷകന്‍ ദേവശ്രീ മണ്ഡല്‍ ഹൈക്കോടതിയില്‍ നേരത്തെ ജാമ്യഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 17ന് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളി. പകുതി കാലാവധി പൂര്‍ത്തിയാകാന്‍ 17 ദിവസം കൂടി വേണമെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഈ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ജാമ്യഹര്‍ജി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ ലാലുവിനെതിരെ അഞ്ച് കേസുകളും ബിഹാറില്‍ ഒരു കേസുമാണ് ഉള്ളത്. ജാര്‍ഖണ്ഡിലെ നാല് കേസുകളില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു.

Related Articles

Back to top button