KERALALATEST

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധം, വാക്‌സിന്‍ എടുത്തവര്‍ക്കും ബാധകം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തില്‍ എത്തി ഉടന്‍ പരിശോധന നടത്തുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം. ആര്‍ടി- പിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 13,000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഫലം നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിച്ചു. അഞ്ചുകോടി രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കഴിഞ്ഞ ദിവസം 13000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button