BREAKING NEWSKERALA

മദ്യം വീട്ടില്‍ എത്തിക്കേണ്ട; ബെവ്‌കോ നീക്കം തടഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ നടപടികള്‍ക്ക് തടയിട്ട് എക്‌സൈസ് വകുപ്പ്. സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുമായി ചേര്‍ന്ന് മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാര്‍ തടഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടിയതിന് പിന്നാലെയാണ് ഹോം ഡെലിവറി നടത്താന്‍ ബെവ്‌കോ ശ്രമം നടത്തിയത്.
എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്കായി സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുമായി ബെവ്‌കോ ചര്‍ച്ച നടത്തിയതായാണ് സൂചന. സര്‍ക്കാരിനെയോ, എക്‌സൈസ് വകുപ്പിനെയോ അറിയിക്കാതെയുള്ള നീക്കത്തില്‍ മന്ത്രിയുടെ ഓഫീസിന് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പത്ത് ദിവസത്തിനുള്ളില്‍ മദ്യം ഹോം ഡെലിവറിയായി നല്‍കുമെന്ന വാര്‍ത്ത വന്നതോടെ നീക്കം എക്‌സൈസ് വകുപ്പ് തടഞ്ഞു. തല്‍ക്കാലം ഹോം ഡെലിവറി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.. ഇക്കാര്യത്തില്‍ സമഗ്രമായ കൂടിയാലോചനകള്‍ വേണമെന്നും വകുപ്പ് വിലയിരുത്തുന്നു.
കഴിഞ്ഞ ലോക്ക്ഡൗണിന് മുന്നേതന്നെ മദ്യത്തിന്റെ ഹോം ഡെലിവറി സാധ്യത സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ പരിശോധനകള്‍ നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ഗൗരവതരമായി വിഷയം പരിഗണിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ബെവ്ക്യു ആപ്പ് പദ്ധതി നടപ്പിലാക്കുകയായിരുന്നു. മാത്രമല്ല എക്‌സൈസ് ചട്ടത്തില്‍ പരിഷ്‌കരണം നടത്തിയാല്‍ മാത്രമേ ഹോം ഡെലിവറി സാധ്യമാവുകയുള്ളൂ. ഇക്കാര്യത്തില്‍ കാവല്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ല. കെ സി ബി സി ഉള്‍പ്പെടെയുള്ള സംഘടനകളും നേരത്തെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.
മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമായ മദ്യശാലകള്‍ കൂടുതല്‍ ദിവസം പൂട്ടിയിടാന്‍ ആകില്ല. ഹോം ഡെലിവറി ഇല്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ ഉടന്‍ തുറക്കാനാണ് നീക്കം.
അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വി പി ജോയി ആണ് ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

Related Articles

Back to top button