KERALALATEST

തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് ബിജെപി വോട്ടുകൊണ്ടെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് ബിജെപി വോട്ടുകൊണ്ടെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ ബിജെപി നേടിയ വോട്ടുകളിൽ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകൾ കെ. ബാബുവിന് ലഭിച്ചതായും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയിൽ അവസാന റൗണ്ടിൽ ആയിരത്തിൽ താഴെ മാത്രം വോട്ടുകളുടെ ബലത്തിലാണ് കെ ബാബു വിജയിക്കുന്നത്. അപ്പോൾ തന്നെ ഇതു സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇടത് ക്യാമ്പുകളുടെ ആക്ഷേപങ്ങൾ മാത്രമായാണ് ഇതിനെ കണ്ടിരുന്നത്. ഇപ്പോൾ ബിജെപി സ്ഥാനാർഥി തന്നെ തുറന്ന് പറയുമ്പോൾ ആരോപണങ്ങൾക്ക് അപ്പുറം പറഞ്ഞുറപ്പിച്ച വോട്ടുകച്ചവടം ഇക്കാര്യത്തിൽ നടന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

തൃപ്പൂണിത്തുറയിൽ സംഭവിച്ചത് മാത്രമല്ല , ബിജെപിയുടെ സംഘടനാ സംവിധാനത്തെ തന്നെയും ഡോ. കെ എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറയുന്നു. താൻ മുൻപ് ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും ബിജെപിയുടെ സംഘടനാ ദൗർബല്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഒന്നും ഇപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പിൽ സംഘടനപരമായി ഏകോപനം ഇല്ലായിരുന്നു. എല്ലാ നേതാക്കളും മത്സര രംഗത്തിറങ്ങിയതോടെ ആരിലും ആർക്കും നിയന്ത്രണമില്ലാതെയായി. ആൾക്കൂട്ടം പോലെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത്. അതു കൊണ്ടു മാത്രമാണ് അനിവാര്യമായ വിജയങ്ങളും ഇല്ലാതായതെന്നും കെ എസ്  രാധാകൃഷ്ണൻ പറയുന്നു.

Related Articles

Back to top button