BREAKING NEWSKERALALATEST

വലിയ ഇടയന് യാത്രാമൊഴി

തിരുവല്ല: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് യാത്രാമൊഴി. പ്രതീകാത്മക നഗരികാണിക്കല്‍ ചടങ്ങിനു ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. 33.5 മണിക്കൂര്‍ നീണ്ടതും നാലുഘട്ട ശുശ്രൂഷകള്‍ ഉള്‍പ്പെട്ടതുമായ ചടങ്ങുകളോടെയാണ് കബറടക്കം പൂര്‍ത്തിയായത്.
ഏപ്രില്‍ 27ന് 104ാം ജന്മദിനം ആഘോഷിച്ച വലിയ മെത്രാപ്പൊലീത്ത ബുധനാഴ്ച പുലര്‍ച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ സഭാ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. 7.30ന് ഒന്നാം ശുശ്രൂഷയും വൈകീട്ട് ആറിന് രണ്ടാം ശുശ്രൂഷയും നടത്തി. വ്യാഴാഴ്ച എട്ടിന് മൂന്നാം ശുശ്രൂഷ നടന്നു. പ്രത്യേക മദ്ബഹയിലാണ് നാലാം ശുശ്രൂഷ നടന്നത്.
രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.
എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്ന അദ്ദേഹത്തെ 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ ഏവരുടെയും പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം.

Related Articles

Back to top button