BREAKING NEWSKERALALATEST

ഘടകകക്ഷി മന്ത്രിമാര്‍ ആരൊക്കെ? ചര്‍ച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ഉഭയ കക്ഷി ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. ബുധനാഴ്ചയോടെ മന്ത്രി സ്ഥാന വിഭജനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. സി പി എം നേതൃത്വം ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. ഒരു എംഎല്‍എ മാത്രമുള്ള ഏതൊക്കെ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സി പി എം തയാറാകുമെന്നാണ് അറിയേണ്ടത്.
സി പി എം – സി പി ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ മറ്റു ഘടകകക്ഷികളോട് സ്വീകരിക്കേണ്ട സമീപനത്തില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നു മുതലുള്ള ചര്‍ച്ചകള്‍. ജനതാദള്‍ എസുമായി ലയിക്കണമെന്ന് എല്‍ ജെ ഡി യോട് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പേ സി പി എം ആവശ്യപ്പെട്ടതാണ്. ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടേക്കാം. ജനതാ പാര്‍ട്ടികള്‍ ലയിച്ചാല്‍ എം എല്‍ എ മാര്‍ മൂന്നാകും. ഒരു മന്ത്രി സ്ഥാനം ടേം അടിസ്ഥാനത്തില്‍ പങ്കിട്ടെടുത്താല്‍ പ്രശ്‌ന പരിഹാരമാകും.
എന്‍സിപിക്കു ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. ആരു മന്ത്രിയാകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. നാലു മന്ത്രിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഐ തയാറാകില്ല. രണ്ടുമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം നല്‍കും. ഒപ്പം സിപിഐ വിട്ടു നല്‍കുന്ന കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനവും കിട്ടിയേക്കാം.
21 അംഗ മന്ത്രിസഭയായിരിക്കും 20ന് അധികാരമേല്‍ക്കുക. അങ്ങിനെയെങ്കില്‍ രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ഒരു എം.എല്‍.എ മാത്രമുള്ള കക്ഷികള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കഴിഞ്ഞ മന്ത്രിസഭയില്‍ അവസരം നല്‍കിയതിനാല്‍ വീണ്ടും പരിഗണിക്കാനിടയില്ല. മുന്നണിയില്‍ അംഗമല്ലാത്തതിനാല്‍ ആര്‍ എസ് പി ലെനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോന്റെ അവകാശവാദവും തള്ളും.
കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേഷ് കുമാര്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവരില്‍ രണ്ടു പേരക്ക് അവസരം ലഭിക്കാം.
17ന് എല്‍ഡിഎഫ് യോഗവും 18ന് എല്ലാ പാര്‍ട്ടികളുടേയും സംസ്ഥാന നേതൃയോഗവും ചേരും. അന്നു തന്നെ എം.എല്‍.എമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. 20ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.

Related Articles

Back to top button