BREAKING NEWSKERALALATEST

ഡ്രൈവറെ മര്‍ദിച്ച കേസ്: ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയേക്കും

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയേക്കും. തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
മൂന്നുവര്‍ഷം മുമ്പാണ് ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് ഇത് വലിയ വിവാദമായി. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ സുധേഷ് കുമാറിന്റെ മകള്‍ പരസ്യമായി കൈയേറ്റം ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേ സുധേഷ് കുമാറിന്റെ മകളും പരാതി നല്‍കിയിരുന്നു. സുധേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്‍കാമെന്നും എതിര്‍ പരാതിയില്‍ കഴിമ്പില്ലെന്നുമാണ് കേസ് അന്വേഷണം നടത്തിയ എസ് പി പ്രകാശന്‍ കാണി വസ്തുതാറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ഇതില്‍ അനുയോജ്യ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഇതിനിടെയാണ് വിവാദം വീണ്ടും തലപൊക്കിയിരിക്കുന്നത്.

Related Articles

Back to top button