BREAKING NEWSLATESTWORLD

ഐന്‍സ്റ്റീന്റ പ്രസിദ്ധ സമവാക്യം E=mc² അടങ്ങിയ കത്തിന്റെ വില 3 കോടി രൂപ

ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസിദ്ധ സമവാക്യമായ E=mc² അടങ്ങിയ കത്ത് ലേലത്തിന്. 1946, ഒക്ടോബര്‍ 26ന് എഴുതപ്പെട്ട കത്ത് ഏതാണ്ട് മൂന്നു കോടി രൂപയ്ക്കാണ് ലേലത്തിന് വച്ചിരിക്കുന്നത്. സ്വന്തം കൈയക്ഷരത്തില്‍ ഐന്‍സ്റ്റീന്‍ എഴുതിയ കത്തിലെ സമവാക്യം അദ്ദേഹം കണ്ടെത്തിയതാണ് എന്ന് തെളിയിക്കുന്ന പ്രധാന നാല് രേഖകളില്‍ ഒന്നാണിത്. സഹശാസ്ത്രജ്ഞനോട് ചോദ്യത്തിനുള്ള ഉത്തരം ഈ സമവാക്യത്തിലൂടെ കണ്ടെത്താനാകും എന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഐന്‍സ്റ്റീന്‍ ഈ കത്ത് എഴുതിയിരിക്കുന്നത്.
ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ ആര്‍ ഓക്ഷന്‍ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 20 വരെയാണ് ലേലം നടക്കുക. ഒരു പേജ് മാത്രമുള്ള കത്തില്‍ ലെറ്റര്‍ഹെഡ് ഉള്‍പ്പെടെ പതിപ്പിച്ചിട്ടുണ്ട്. ആര്‍ട്ട്‌മൈന്‍ എന്ന ടെക്‌നോളജി കമ്പനിയുടെ സഹായത്തോടെ നോണ്‍ ഫണ്‍ജബിള്‍ ടോക്കണ്‍ (എന്‍എഫ്ടി) സാങ്കേതിക വിദ്യയിലേക്കും 5ഡി ബയോമെട്രിക്ക് ആര്‍ട്ട് പാസ്‌പോര്‍ട്ടിലേക്കും കത്ത് മാറ്റിയിട്ടുണ്ട്. യഥാര്‍ത്ഥ കയ്യെഴുത്ത് പകര്‍ത്തിയെടുക്കാതിരിക്കാനും ഉടമക്ക് കത്തില്‍ നിരീക്ഷണം നടത്താനും ഇതു വഴി സാധിക്കും.
അമേരിക്കയിലെ പ്രിന്‍സെറ്റോണ്‍ സര്‍വ്വകലാശാലയുടെ ലെറ്റര്‍ഹെഡില്‍ പോളിഷ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ലുഡ്വിക്ക് സില്‍ബെര്‍സ്റ്റീന് വേണ്ടിയാണ് ഐന്‍സ്റ്റീന്‍ കത്ത് എഴുതിയിരിക്കുന്നത്. ജര്‍മ്മന്‍ ഭാഷയിലാണ് കത്ത് എഴുതപ്പെട്ടിരിക്കുന്നത്. ഐന്‍സ്റ്റീന്റെ ജനറല്‍ റിലേറ്റിവിറ്റി തിയറിയോട് ആദ്യം യോജിക്കാതിരുന്ന ശാസ്ത്രജ്ഞനാണ് സില്‍ബര്‍സ്റ്റീന്‍. സില്‍ബര്‍സ്റ്റീന്റെ ചോദ്യങ്ങള്‍ക്ക് കത്തിലൂടെ ഐന്‍സ്റ്റീന്‍ ഇങ്ങനെ മറുപടി നല്‍കുന്നു. ‘താങ്കളുടെ ചോദ്യത്തിന് E=mc² (E എന്നത് ഊര്‍ജ്ജത്തെയും m എന്നത് മാസിനെയും c എന്നത് പ്രകാശ വേഗതയെയും സൂചിപ്പിക്കുന്നു) സമവാക്യത്തിലൂടെ ഉത്തരം കണ്ടെത്താനാകും.
ഐന്‍സ്റ്റീന്റെ കണ്ടെത്തലിനെക്കുറിച്ച് മറ്റൊരു അഭിപ്രായമാണ് സില്‍ബെര്‍സ്റ്റീന് ഉണ്ടായിരുന്നത് എങ്കിലും സമവാക്യം വിശദീകരിച്ചുള്ള ഈ കത്തിലൂടെ അവ ദുരീകരിക്കപ്പെട്ടു എന്നാണ് പറയുന്നത്. ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ സര്‍വ്വകലാശാലകളില്‍ കോഴ്‌സുകളായി അവതരിപ്പിക്കുന്നതില്‍ പ്രധാനിയായും അദ്ദേഹം മാറി. സില്‍ബര്‍സ്റ്റീന്റെ മക്കളുടെ മക്കളുടെ മക്കളാണ് പഴയ കത്ത് ലേലത്തിന് വക്കുന്നത്. 2018ല്‍ ഗോഡ് ലെറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ട ഐന്‍സ്റ്റീന്റെ മറ്റൊരു കത്തും ലേലത്തിന് വച്ചിരുന്നു. മതങ്ങളെക്കുറിച്ച് പൊതുവായും ജൂതമതത്തെക്കുറിച്ച് വിശേഷിച്ചും വിവരിക്കുന്നത് ആയിരുന്നു ഈ കത്ത്. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ മൂന്ന് മില്യണ്‍ ഡോളറിനാണ് കത്ത് വിറ്റ് പോയത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അറിയപ്പെടുന്നത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണ് ഐന്‍സ്റ്റീന്റെ E=mc² സമവാക്യം. 1921ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് അദ്ദേഹം അര്‍ഹത നേടി. ഫോട്ടോ ഇലക്ട്രിക്ക് ഇഫക്ട് സംബന്ധിച്ച പുതിയ നിയമം രൂപീകരിച്ചതിന് ആയിരുന്നു ഈ നേട്ടം. 1999ല്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി സെഞ്ച്വറിയായും ഐന്‍സ്റ്റീനെ തെരഞ്ഞെടുത്തിരുന്നു. ജര്‍മ്മനിയല്‍ ജനിച്ച അദ്ദേഹം ഹിറ്റ്‌ലറുടെ ക്രൂരത കാരണം യൂറോപ്പ് വിടുകയും അമേരിക്കയില്‍ സ്ഥിരതാമസം ആക്കുകയും ചെയ്ത വ്യക്തിയാണ്. 1955ലാണ് ഐന്‍സ്റ്റീന്‍ അന്തരിച്ചത്.

Related Articles

Back to top button