BREAKING NEWSLATESTNATIONAL

കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എംഡി സുനില്‍ ജെയിന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജെയിന്‍(58) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സഹോദരി സന്ധ്യ ജെയിന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ സുനില്‍ ജെയിനിന് ഒരുതവണ ഹൃദയാഘാതം സംഭവിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും സന്ധ്യ ജെയിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
രോഗത്തിന്റെ വിവരങ്ങള്‍ സുനില്‍ ജെയിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഓക്‌സിജന്‍ നില താഴുന്നതിനെക്കുറിച്ചുള്ള ട്വീറ്റുകളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന സൂചനകളുണ്ടായിരുന്നു. എയിംസില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ സുരക്ഷിത കരങ്ങളിലാണെന്നുമാണ് സുനില്‍ ജെയിനിന്റെ അവസാനത്തെ ട്വീറ്റ്.
ഏറെക്കാലമായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു സുനില്‍ ജെയിന്‍. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. തുടര്‍ന്ന് എഫ്‌ഐസിസിഐയിലും പ്രവര്‍ത്തിച്ചു. 1991ലാണ് മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നത്. ഇന്ത്യ ടുഡേ മാഗസിന്‍ ആയിരുന്നു ആദ്യ തട്ടകം. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പില്‍ ചേര്‍ന്നു. പിന്നീട് ബിസിനസ്സ് സ്റ്റാന്റേഡില്‍ ജോലി ചെയ്തിരുന്നെങ്കിലും 2010 മുതല്‍ വീണ്ടും എക്‌സ്പ്രസ് ഗ്രൂപ്പിനൊപ്പമായിരുന്നു സേവനം.
സുനില്‍ ജെയിനിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്‌നും കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 84 വയസ്സായിരുന്നു.

Related Articles

Back to top button