BREAKING NEWSLATESTNATIONAL

പുറപ്പെട്ടത് സ്വിറ്റ്‌സര്‍ലണ്ടിലേക്ക്, എത്തിയത് പാകിസ്ഥാന്‍ ജയിലില്‍; തെലങ്കാന സ്വദേശിക്ക് മോചനം ലഭിച്ചത് നാലുവര്‍ഷത്തിന് ശേഷം

ഹൈദരാബാദ്: നിയമവിരുദ്ധമായി പാക് അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പാകിസ്ഥാന്‍ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി നാല് വര്‍ഷത്തിന് ശേഷം ജയില്‍മോചിതനായി. ഹൈദരാബാദ് സ്വദേശിയായ പ്രശാന്ത് എന്ന ടെക്കി ആണ് ഇന്നലെ പാക് ജയിലില്‍ നിന്ന് മോചിതനാവുന്നത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രശാന്ത് സ്വിറ്റ്സ്ലണ്ടിലെ പോകാന്‍ തീരുമാനിക്കുന്നത്. അതിനായി 2017 ഏപ്രില്‍ 11ന് വീട് വിടുകയും ചെയ്തു. എന്നാല്‍ പണം തികയാത്തതിനാല്‍ രാജസ്ഥാനിലെ ബിക്കാനര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്ത് പാക് അതിര്‍ത്തി ചാടി കടക്കുകയായിരുന്നു. എന്നാല്‍ പാക് പട്രോളിങ് ഫോഴ്‌സിന്റെ കണ്ണില്‍പ്പെടുകയും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അനധികൃതമായി അതിര്‍ത്തി കടന്നതിനു കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. അതേ മാസം കാണ്മാനില്ല എന്ന പേരില്‍ മാധാപൂര്‍ സ്റ്റേഷനില്‍ കേസും ഫയല്‍ ചെയ്തു. മെയ് 31നാണ് തടവ് കാലാവധി പൂര്‍ത്തിയായ പ്രശാന്തിനെ മാതാപുര്‍ പോലീസിന് കൈമാറുന്നത്. ഇന്നലെ തിരികെ ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു.
പ്രശാന്തിനെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് പ്രശാന്തിന്റെ കുടുംബാംഗങ്ങള്‍ തെലങ്കാന സര്‍ക്കാരിനും ഇന്ത്യന്‍ സര്‍ക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നന്ദി അറിയിച്ചു.
തിരികെ എത്തിയ പ്രശാന്ത് ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ചു. തന്നെപോലെ എത്തിപ്പെട്ടവര്‍ നിരവധി പേരുണ്ടെന്നും തങ്ങള്‍ ചാരന്മാരല്ല എന്നും പ്രദേശത്ത് പ്രവേശിച്ച ശേഷം അവര്‍ക്ക് തിരിച്ചുവരാനാവാതെ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത്രപെട്ടെന്ന് തിരികെയെത്താന്‍ കരുതിയില്ലെന്നും നവീട്ടുകാരെ കണ്ടതോടെ സന്തോഷമായെന്നും പ്രശാന്ത് അറിയിച്ചു.

Related Articles

Back to top button