BREAKING NEWSKERALA

ലക്ഷദ്വീപില്‍ തീരത്തോടു ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപില്‍ കടല്‍ തീരത്തോടു ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദുള്ള എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍. ഇനി ഉത്തരവ് ഉണ്ടാകും വരെ ഹര്‍ജിക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കരുതെന്നാണു നിര്‍ദേശം. 1965ലെ ലക്ഷദ്വീപ് ഭൂവിനിയോഗ ചട്ടം ലംഘിച്ചു എന്ന പേരിലുള്ള നോട്ടിസ് നിലനില്‍ക്കില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
1965ലെ ഭൂവിനിയോഗ ചട്ടം നിലവില്‍ വരും മുന്‍പു നിര്‍മിച്ച വീടുകള്‍ ആണ് ഇവയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി വീട് പൊളിക്കുന്നതു സ്റ്റേ ചെയ്യുകയായിരുന്നു. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി ലക്ഷദ്വീപ് ഭരണകൂടത്തോടു നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ 20 മീറ്റര്‍ ദൂരപരിധിക്കുള്ളിലാണെന്നും പൊളിച്ചു നീക്കണമെന്നും കാണിച്ചു കവരത്തി, കല്‍പേന ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍മാരാണു നോട്ടിസ് നല്‍കിയത്.
കവരത്തിയിലെ 207 കെട്ടിടങ്ങളും സുഹേലിയിലെ 22 കെട്ടിടങ്ങള്‍ക്കും ചെറിയം ദ്വീപിലെ 18 കെട്ടിടങ്ങള്‍ക്കുമാണു ബിഡിഒമാര്‍ നോട്ടിസ് നല്‍കിയത്. 7 ദിവസത്തിനകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും ഇല്ലെങ്കില്‍ റവന്യു വകുപ്പ് ഇവ പൊളിച്ചു നീക്കുമെന്നുമായിരുന്നു നോട്ടിസില്‍. ഇതിനു കെട്ടിട ഉടമകള്‍ ഇന്നു മറുപടി നല്‍കണമെന്നിരിക്കെയാണു കോടതിയുടെ സ്റ്റേ നടപടി.

Related Articles

Back to top button