BREAKING NEWSLATESTNATIONAL

വധഭീഷണിയെന്ന് യുവാവിന്റെ പരാതി; രണ്ട് ‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്

വഡോദര: ‘ഒരുകൂട്ടം പ്രേതങ്ങള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, ജീവന്‍ രക്ഷിക്കണം’. 35കാരന്റെ പരാതി കേട്ട് ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ ആദ്യമൊന്ന് ഞെട്ടി. ഒടുവില്‍ പരാതിക്കാരന്‍ മാനസികപ്രശ്‌നം ഉള്ളയാളാണെന്ന് മനസിലായതോടെ പോലീസുകാര്‍ ആ പരാതി സ്വീകരിച്ചു. യുവാവിനെ അനുനയിപ്പിക്കാനായി രണ്ട് പ്രേതങ്ങള്‍ക്കെതിരെ പരാതി സ്വീകരിച്ച് കേസെടുക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് യുവാവ് വ്യത്യസ്തമായ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ പ്രേതങ്ങളുടെ ഒരു സംഘം വന്നെന്നും അവര്‍ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവാവ് പറഞ്ഞത്. പോലീസ് തന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രേതങ്ങള്‍ എങ്ങനെയാണ് വന്നതെന്നും കൃത്യമായി വിശദീകരിച്ചുനല്‍കി. തന്റെ പരാതി സ്വീകരിച്ച് കേസെടുക്കണമെന്ന് മാത്രമായിരുന്നു ഇയാളുടെ ആവശ്യം.
സ്റ്റേഷനിലെത്തിയ പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് പോലീസിന് മനസിലായി. എന്നാല്‍, ഇയാളോട് എതിര്‍ത്തൊന്നും പറയാതെ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിച്ചു. അത് പരാതിക്കാരന് കാണിച്ചുനല്‍കുകയും ചെയ്തു. ഇതോടെ, ഏറെ അസ്വസ്ഥനായിരുന്ന പരാതിക്കാരനും ശാന്തനായി.
പരാതി സ്വീകരിച്ചതിന് പിന്നാലെ യുവാവിന്റെ ബന്ധുക്കളെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെയാണ് യുവാവിന് മാനസികപ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പിറ്റേ ദിവസം പരാതിക്കാരനെ പോലീസ് സ്‌റ്റേഷനില്‍നിന്ന് നേരിട്ട് വിളിക്കുകയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് താന്‍ സ്റ്റേഷനിലേക്ക് വന്നതെന്നായിരുന്നു ഇയാളുടെ മറുപടി. എന്തായാലും യുവാവ് കൃത്യമായി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button