BREAKING NEWSKERALA

കോവിഡ് മരണ നഷ്ടപരിഹാരം: ആയിരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള നഷ്ടപരിഹാരപ്പട്ടികയില്‍ നിന്ന് ആയിരക്കണക്കിനു കുടുംബങ്ങള്‍ പുറത്തായേക്കും. സംസ്ഥാനത്തെ യഥാര്‍ഥ കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഏറ്റവും മികച്ച നിലയില്‍ കോവിഡ് മരണം നിയന്ത്രിച്ചുവെന്നാണ് (മരണനിരക്ക് 0.4%) സര്‍ക്കാരിന്റെ അവകാശവാദം.
ഇതുവരെ 13,359 കോവിഡ് മരണമാണ് ഔദ്യോഗിക കണക്കിലുള്ളത്. എന്നാല്‍, ഇതിന്റെ മൂന്നിരട്ടി മരണമെങ്കിലും സംഭവിച്ചെന്നാണ് അനുമാനം. തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ 29 വരെ 2759 മരണമാണ് ഔദ്യോഗികം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ മാത്രം ജൂണ്‍ 3 വരെ 3,172 പേര്‍ കോവിഡ് കാരണം മരിച്ചെന്ന രേഖ പുറത്തുവന്നു. മെഡിക്കല്‍ കോളജിലെ മരണം തിരുവനന്തപുരം ജില്ലയുടെ കണക്കിലാണ് ഉള്‍പ്പെടുത്തുക. കൊല്ലം ജില്ലയില്‍ 912 മരണമാണ് ഔദ്യോഗിക പട്ടികയിലുള്ളത്. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് പ്രകാരം 2528 പേര്‍ മരിച്ചു.
പോസിറ്റീവായിരിക്കെ മരിച്ചാല്‍ മാത്രമേ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. നെഗറ്റീവായതിന്റെ പിറ്റേന്നുപോലും ന്യൂമോണിയയോ നിലവിലുള്ള മറ്റ് അസുഖങ്ങളോ കാരണം മരിച്ചാല്‍ കോവിഡ് പട്ടികയില്‍ നിന്ന് ഒഴിവാകും. ഇത്തരത്തിലാണ് ഒട്ടേറെ കുടുംബങ്ങള്‍ ഒഴിവാക്കപ്പെടാന്‍ പോകുന്നത്. മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചികിത്സയിലൂടെ വര്‍ഷങ്ങളോളം ജീവിക്കാമായിരുന്ന ഏറെ പേര്‍ കോവിഡ് കാരണം പെട്ടെന്ന് മരണമടയുന്നതിനാല്‍ അവരുടെ മരണകാരണം കോവിഡ് ആണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) മാനദണ്ഡ പ്രകാരമാണു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഇത് അട്ടിമറിക്കപ്പെടുന്നു എന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി.ആരോപണം പരിശോധിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി.

Related Articles

Back to top button